ഇന്ത്യയുടെ ലോകകപ്പ് റിസര്‍വ് ലിസ്റ്റില്‍ ഇഷാന്ത് ശര്‍മയും; പക്ഷേ നവ്ദീപ് സെയ്‌നിക്ക് പിന്നില്‍ മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 04:41 PM  |  

Last Updated: 07th May 2019 04:41 PM  |   A+A-   |  

ishantshaRMA

ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ റിസര്‍വ് ലിസ്റ്റിലേക്ക് പേസര്‍ ഇഷാന്ത് ശര്‍മയേയും ഉള്‍പ്പെടുത്തി. നേരത്തെ, അമ്പാട്ടി റായിഡു, റിഷഭ് പന്ത്, നവ്ദീപ് സെയ്‌നി എന്നിവരെയാണ് റിസര്‍വ് ലിസ്റ്റ് താരങ്ങളായി പ്രഖ്യാപിച്ചിരുന്നത്. റിസര്‍വ് ലിസ്റ്റില്‍ തന്നെ സെക്കന്‍ഡറി ഓപ്ഷനായിട്ടാണ് ഇഷാന്തിനെ പരിഗണിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട ഏതെങ്കിലും താരത്തിന് പരിക്കിനെ തുടര്‍ന്ന് കളിക്കാനാവാതെ വന്നാല്‍ റിസര്‍വ് ലിസ്റ്റിലെ താരത്തെയാവും പകരം അയക്കുക. പേസറിനാണ് പരിക്കേല്‍ക്കുന്നത് എങ്കില്‍ ആദ്യം പരിഗണന കൊടുക്കുക നവ്ദീപ് സെയ്‌നിക്കാകും. എങ്കിലും ഇഷാന്തിന്റെ അനുഭവ സമ്പത്തും, ഐപിഎല്‍ സീസണില്‍ പുറത്തെടുത്ത ഭേദപ്പെട്ട ബൗളിങ്ങും റിസര്‍വ് ലിസ്റ്റില്‍ താരത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

സ്ഥിരതയില്ലായ്മയാണ്ഇഷാന്ത് ശര്‍മയെ പിന്നോട്ടടിച്ചത്. ആ സ്ഥാനം ഷമിയും, ബൂമ്രയും, ഭുവിയും ചേര്‍ന്ന് കയ്യടക്കി. 2016ലാണ് ഇശാന്ത് അവസാനമായി ഏകദിനം കളിച്ചത്. അടുത്തിടെ ഡല്‍ഹി ഫീല്‍ഡിങ് കോച്ച് മുഹമ്മദ് കൈഫും ഇഷാന്തിനെ പുകഴ്ത്തി എത്തിയിരുന്നു. ഇഷാന്തിനെ ഇനി സ്വിങ് ബൗളറായി മാത്രം കാണാനാവില്ല. കട്ടേഴ്‌സും, സ്ലോവര്‍ ബൗണ്‍സറുകളും, സ്ലോവര്‍ ബോളുകളുമായി തന്റെ ആവനാഴിയില്‍ വ്യത്യസ്ത ആയുധങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് ഇഷാന്ത് എന്നായിരുന്നു കെയ്ഫിന്റെ വാക്കുകള്‍.