വിന്‍ഡിസ് മുന്‍ ബാറ്റ്‌സ്മാന്‍ സെയ്മര്‍ നഴ്‌സ് അന്തരിച്ചു; ബാറ്റിങ്ങില്‍ ബാര്‍ബേഡിയന്‍ കരുത്ത് നിറച്ച താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 02:57 PM  |  

Last Updated: 07th May 2019 03:03 PM  |   A+A-   |  

seymour

അഗ്രസീവ് ബാറ്റിങ്ങുമായി കളം നിറഞ്ഞിരുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരം സെയ്മര്‍ നഴ്‌സ്(85) അന്തരിച്ചു. 1960കളില്‍ ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ഇടംപിടിച്ച താരമായിരുന്നു ഇടംകയ്യന്‍ റണ്‍വേട്ടക്കാരനായ സെയ്മര്‍. 

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ച സെയ്മര്‍ 47.60 എന്ന ബാറ്റിങ് ശരാശരിയില്‍ 2526 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആറ് സെഞ്ചുറിയും 10 അര്‍ധ ശതകവും നേടി.  സെയ്മറിന്റെ ഉയര്‍ന്ന സ്‌കോര്‍ 258 റണ്‍സാണ്. 1969ല്‍ കീവീസിനെ അടിച്ചു പറത്തിയായിരുന്നു അദ്ദേഹം ഇരട്ട ശതകം തികച്ചത്. മധ്യനിരയിലായിരുന്നു സെയ്മറിന്റെ സ്ഥാനമെങ്കിലും ഓപ്പണിങ്ങിലേക്ക് എത്തി തകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കാനും ബാര്‍ബേഡിയന്‍ കരുത്ത് നിറച്ച സെയ്മര്‍ക്കായി. 

മുന്‍ വിന്‍ഡിസ് ഒപ്പണറായ ഡെസ്മണ്‍ ഹെയ്‌നസാണ് സെയ്മറിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. സെയ്മറെ പോലെ നടക്കാന്‍, ബാറ്റ് ചെയ്യാന്‍, അദ്ദേഹത്തെ പോലെ സംസാരിക്കന്‍ എല്ലാമാണ് ഞങ്ങള്‍ ശ്രമിച്ചിരുന്നത് എന്ന് പറഞ്ഞാണ് ഡെസ്മണ്ട്, സെയ്മറിന്റെ വിയോഗ വാര്‍ത്ത ലോകത്തോട് പറയുന്നത്. 

ഒരു ടെസ്റ്റ് പരമ്പരയില്‍ 500ന് അപ്പുറം റണ്‍സ് കണ്ടെത്തിയ വിന്‍ഡിസ് കളിക്കാരുടെ ലിസ്റ്റിലും സെയ്മര്‍ ഇടംപിടിക്കുന്നു. രണ്ട് വട്ടമാണ് ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം 500ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 1960ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു സെയ്മറിന്റെ അരങ്ങേറ്റം. എന്നാല്‍ പരിക്ക് അടിക്കടി അദ്ദേഹത്തെ അലട്ടി വന്നു. 1966ലെ ഇംഗ്ലണ്ട് പരമ്പരയോടെയാണ് കരിയറിലെ മികച്ച ഫോമിലേക്ക് സെയ്മറെത്തുന്നത്.