ഇന്ത്യയ്ക്ക് ഇനിയും തെറ്റ് തിരുത്താന്‍ സമയമുണ്ട്, പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താം; വീണ്ടും പന്തിന് വേണ്ടി ഇംഗ്ലണ്ട് മുന്‍ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2019 11:49 AM  |  

Last Updated: 09th May 2019 11:49 AM  |   A+A-   |  

pantindia5

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് വേണ്ടി വാദിച്ചെത്തുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തില്‍ എന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണുമുണ്ടായിരുന്നു. ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സിനെതിരെ പന്ത് തകര്‍പ്പന്‍ കളി പുറത്തെടുത്തതിന് പിന്നാലെ വീണ്ടുമെത്തുകയാണ് വോണ്‍. 

എങ്ങനെയാണ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയത് എന്നാണ് വോണ്‍ ചോദിക്കുന്നത്. ഇന്ത്യയ്ക്കിപ്പോഴും മാറ്റം വരുത്താന്‍ സമയമുണ്ടെന്ന് തന്റെ ട്വീറ്റിലൂടെ വോണ്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. പരിചയ സമ്പത്തിന് മുന്‍ഗണന നല്‍കിയാണ് പന്തിനെ തഴഞ്ഞ് റിസര്‍വ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ഐപിഎല്ലില്‍ പന്തിന്റെ മികച്ച കളി വന്നതിന് പിന്നാലെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായി പോയെന്ന നിലയില്‍ വാദങ്ങള്‍ ശക്തമായിരുന്നു. ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാന്‍ തനിക്കുള്ള പ്രാപ്തിയാണ് ഐപിഎല്ലില്‍ ഉടനീളം പന്ത് പുറത്തെടുത്തത്. ദിനേശ് കാര്‍ത്തിക്കാവട്ടെ ഈ സീസണില്‍ മോശം പ്രകടനമാണ് ഐപിഎല്ലില്‍ പുറത്തെടുത്തത്.