ഐപിഎല്‍ രാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ചെന്നൈയും മുംബൈയും വീണ്ടും നേര്‍ക്കുനേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 08:10 AM  |  

Last Updated: 12th May 2019 08:10 AM  |   A+A-   |  

 

ഹൈദരാബാദ് : ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് പോരാട്ടം. മൂന്നു തവണ വീതം കിരീടം ചൂടിയിട്ടുള്ള, തുല്യശക്തിയുള്ളവര്‍ തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഹൈദരാബാദ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മല്‍സരം. 

ചെന്നൈ ഏഴു തവണ ഫൈനല്‍ കളിച്ചപ്പോള്‍, മുംബൈ നാലു തവണ കലാശപോരിന് അര്‍ഹത നേടി. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയെ നയിക്കുന്നത്. ഇന്ത്യന്‍ ഏകദിന ടീം ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ കപ്പിത്താന്‍. ഫൈനലില്‍ മൂന്നുവട്ടം പരസ്പരം മല്‍സരിച്ചപ്പോള്‍ രണ്ടിലും വിജയം മുംബൈക്കൊപ്പമായിരുന്നു. 

ബൗളിംഗാണ് ചെന്നൈയുടെ കരുത്ത്. ഒപ്പം നായകന്‍ ധോണിയുടെ പരിചയസമ്പത്തിലും ചെന്നൈ പ്രതീക്ഷപുലര്‍ത്തുന്നു. സീസണിലെ രണ്‍വോട്ടയില്‍ ആദ്യ പത്തില്‍ ചെന്നൈയുടെ ഒരാളുമില്ല. രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍ എന്നിവരുടെ ബൗളിംഗ് മികവാണ് ചെന്നൈയെ തുണച്ചത്. 

അതേസമയം സന്തുലിത ടീമായാണ് മുംബൈ ഫൈനലിന് ഇറങ്ങുന്നത്. ബാറ്റിംഗില്‍ ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം തിളങ്ങിയിരുന്നു. ബൗളിംഗില്‍ പാണ്ഡ്യ സഹോദരന്മാരും ജസ്പ്രീത് ബുംറ, മലിംഗ എന്നിവരും പ്രഹരശേഷി പുറത്തെടുത്തിരുന്നു.