ഇന്ത്യക്കിനി ക്രൊയേഷ്യന്‍ തന്ത്രം; സ്റ്റിമാക്കിനെ കോച്ചായി പ്രഖ്യാപിച്ച് എഐഎഫ്എഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 02:54 PM  |  

Last Updated: 15th May 2019 02:54 PM  |   A+A-   |  

Igor_Stimac

 

ന്യൂഡല്‍ഹി: മുന്‍ ക്രൊയേഷ്യന്‍ ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. രണ്ട് വര്‍ഷമാണ് പരിശീലക കരാര്‍. സ്റ്റിമാക്ക് ഇന്ത്യന്‍ പരിശീലകനാകുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ എഐഎഫ്എഫിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.

ജനുവരിയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതിന് പിന്നാലെ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വച്ചിരുന്നു. ഇതിന് ശേഷം പുതിയ പരിശീലകരെയൊന്നും നിയമിച്ചിരുന്നില്ല. ഇപ്പോഴാണ് പുതിയ പരിശീലകനെ നിയമിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ്  ഹൈ പ്രൊഫൈലുള്ള ഒരാള്‍ പരിശീലക സ്ഥാനത്തെത്തുന്നത്. സ്റ്റിമാക്കിന്റെ അദ്യ പരീക്ഷണം അടുത്ത മാസം തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പാണ്. ജൂണ്‍ അഞ്ചിന് കുറക്കാവോയ്‌ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.

ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായി ഒരു വര്‍ഷത്തിലേറെ സമയം പ്രവര്‍ത്തിച്ചതാണ് സ്റ്റിമാക്കിന്റെ പരിശീലക രംഗത്തെ ശ്രദ്ധേയമായ പരിചയസമ്പത്ത്. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് യോഗ്യത നേടിക്കൊടുത്തതാണ് പരിശീലകനെന്ന നിലയില്‍ സ്റ്റിമാക്കിന്റെ പ്രധാന നേട്ടം. ക്രൊയേഷ്യന്‍ ക്ലബ് എച്എന്‍കെ ഹജുക് സ്പ്ലിറ്റ്, എന്‍കെ സഗ്രെബ് ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. 

ഫുട്‌ബോള്‍ താരമെന്ന നിലയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്ത് സ്റ്റിമാക്കിനുണ്ട്. ക്രൊയേഷ്യയ്ക്ക് പുറമേ, സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചിട്ടുള്ള സ്റ്റിമാക്ക്, 53 മത്സരങ്ങളിലാണ് ദേശീയ ടീ ജേഴ്‌സിയണിഞ്ഞിട്ടുള്ളത്. 1998 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോള്‍ സ്റ്റിമാക്കും ടീമിലുണ്ടായിരുന്നു. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വലിയ നേട്ടമായിരുന്നു ലോകകപ്പിലെ മൂന്നാം സ്ഥാനം. കളിക്കുന്ന കാലത്ത് പ്രതിരോധത്തിലായിരുന്നു സ്റ്റിമാക്കിന്റെ സ്ഥാനം.