നാണംകെട്ട വിഭജന രാഷ്ട്രീയത്തില്‍ വീഴരുത്; കലാപം പടരുന്ന ലങ്കയില്‍ സമാധാന ആഹ്വാനവുമായി സംഗക്കാര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:46 AM  |  

Last Updated: 15th May 2019 05:47 AM  |   A+A-   |  

kumar-sangakkara-2

ചാവേര്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിടച്ച പടരുന്ന മുസ്ലീം വിരുദ്ധ കലാപം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. സംഘര്‍ഷത്തിനും, വംശീയതയ്ക്കും, വിദ്വേഷത്തിനുമെല്ലാം നമ്മള്‍ സ്വയം കീഴടങ്ങിയാല്‍ നമുക്ക് നമ്മുടെ രാജ്യത്തെ നഷ്ടപ്പെടുമെന്നാണ് ശ്രീലങ്കന്‍ ജനതയോട് സംഗക്കാര പറയുന്നത്. 

അവസാനിപ്പിക്കൂ, ശ്വസിക്കൂ, ചിന്തിക്കു, കണ്ണ തുറക്കൂ. ശ്രീലങ്കക്കാരായി ഒരുമിച്ച് നില്‍ക്കൂ. സമാധാനം പാലിക്കുക. പരസ്പരം സുരക്ഷ ഉറപ്പു വരുത്തുക
എന്നെല്ലാമാണ് പടരുന്ന കലാപത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി സംഗക്കാര പറയുന്നത്. വിഭജനം തീര്‍ക്കുന്ന നാണംകെട്ട രാഷ്ട്രീയ അജണ്ടയുടെ കെണിയില്‍ വീഴാതിരിക്കുക. ഈ മുറിവുകളെല്ലാം ഉണക്കി ഒരുമിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും, ഒരുരാജ്യമായി നമ്മള്‍ എന്നും സംഗക്കാര തന്റെ ട്വീറ്റില്‍ കുറിക്കുന്നു. 

വര്‍ഗീയ കലാപത്തെ തുടര്‍ന്നുള്ള കര്‍ഫ്യൂ ശ്രീലങ്കയില്‍ തുടരുകയാണ്.  ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന് പറഞ്ഞുള്ള മുസ്ലീം കടക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ശ്രീലങ്കയില്‍ വര്‍ഗീയ കലാപം പടരാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീമിനെ ജനക്കൂട്ടം തല്ലിക്കൊന്നതായി ലങ്കന്‍ മന്ത്രി റൗഫ് ഹഖീം സ്ഥിരീകരിച്ചു.