ജിമ്മില്‍ വ്യായാമമില്ല, യോഗയും മസാജ് സെഷനും മാത്രം; ക്രിസ് ഗെയില്‍ ലോകകപ്പിന് ഒരുങ്ങുന്നത് ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:55 AM  |  

Last Updated: 16th May 2019 05:55 AM  |   A+A-   |  

gayleworldcup

ലോകകപ്പിന് മുന്‍പ് വിന്‍ഡിസിനായി തകര്‍പ്പന്‍ കളി പുറത്തെടുത്ത് വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സൂചന ക്രിസ് ഗെയില്‍ നല്‍കിയിരുന്നു. പ്രായം 39ല്‍ എത്തുമ്പോള്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിനായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഗെയില്‍ എന്താവും ചെയ്യുന്നുണ്ടാവുക? ആ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഗെയില്‍ ഇപ്പോള്‍. 

കഴിഞ്ഞ രണ്ട് മാസമായി ജിമ്മിലെ വ്യായാമം ഒഴിവാക്കുകയാണ് ഗെയില്‍. യോഗയ്ക്കും, മസാജിനുമായി കൂടുതല്‍ സമയം ചെലവഴിച്ച് വിശ്രമിച്ചാണ് ലോകകപ്പിന് ഒരുങ്ങുന്നത് എന്ന് ഗെയില്‍ പറയുന്നു. ലോകകപ്പിന് വേണ്ടി ഫ്രഷ്‌നസ് നിലനിര്‍ത്തുകയാണ് ലക്ഷ്യം. മൈതാനത്ത് എന്താണ് വേണ്ടത് എന്നെനിക്ക് അറിയാം. പരിചയസമ്പത്തും, മാനസീകമായ ഘടകങ്ങളുമാണ് എന്റെ കരുത്ത്. ശാരീരികമായി എനിക്കുള്ള കരുത്തിലൂടെ ജിമ്മിലെ വ്യായാമമില്ലായ്മ മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് ഗെയില്‍ പറയുന്നു. 

ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തയ്യാറാവാത്തത് ആരാധകര്‍ക്ക് വേണ്ടിയാണെന്നാണ് യൂണിവേഴ്‌സല്‍ ബോസ് പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിരമിക്കലിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. വേണ്ടതെല്ലാം ഞാന്‍ നേടിക്കഴിഞ്ഞു, ഇനി എന്താണ് എനിക്ക് തെളിയിക്കാനുള്ളത് എന്നെല്ലാം ഞാന്‍ ചിന്തിച്ചതാണ്. എന്നാല്‍ പോവരുത് എന്ന ആരാധകരുടെ ആവശ്യം കണക്കിലെടുത്ത് ഞാന്‍ തുടരുകയാണ്.