ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം ബാക്കി; യുവന്റസില്‍ നിന്ന് അല്ലെഗ്രി മടങ്ങുന്നു

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാസിമിലിയാനോ അല്ലെഗ്രി വിട പറയുന്നു
ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം ബാക്കി; യുവന്റസില്‍ നിന്ന് അല്ലെഗ്രി മടങ്ങുന്നു

മിലാന്‍: ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാസിമിലിയാനോ അല്ലെഗ്രി വിട പറയുന്നു. ഈ സീസണോടെ ക്ലബ് വിടുമെന്ന് അല്ലെഗ്രി വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ക്വാര്‍ട്ടര്‍ പുറത്തായത് അല്ലെഗ്രിയുടെ തീരുമാനത്തിന് ആക്കം കൂട്ടി. 

2014ല്‍ എസി മിലാന്റെ പരിശീലക സ്ഥാനത്ത് നിന്നാണ് അല്ലെഗ്രി യുവന്റസ് കോച്ചായി എത്തുന്നത്. അന്റോണിയോ കോണ്ടെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു അല്ലെഗ്രിയുടെ ടൂറിനിലേക്കുള്ള വരവ്. 51കാരന് കീഴില്‍ തുടര്‍ച്ചയായി അഞ്ച് തവണ സീരി എയില്‍ കിരീടമുയര്‍ത്താന്‍ യുവന്റസിന് സാധിച്ചു. 

അല്ലെഗ്രിക്ക് കീഴില്‍ യുവന്റസ് രണ്ട് തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ നിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചെങ്കിലും ഇത്തവണയും ടീമിന് ക്വാര്‍ട്ടറിനപ്പുറം സാധിക്കാതെ പോയി. ക്വാര്‍ട്ടറില്‍ അയാക്‌സിനോട് പരാജയപ്പെട്ടാണ് യുവന്റസ് പുറത്തായത്. 

അഞ്ച് സീരി എ കിരീടങ്ങള്‍ക്ക് പുറമെ നാല് കോപ്പ ഇറ്റാലിയ കിരീടങ്ങള്‍, രണ്ട് സൂപ്പര്‍ കോപ്പ ഇറ്റാലിയാന നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കാന്‍ അല്ലെഗ്രിക്ക് സാധിച്ചു. ഭാവി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. നാളെ ക്ലബ് പ്രസിഡന്റ് അന്ദ്രെ അഗ്നെല്ലിയുമൊത്ത് അല്ലെഗ്രി വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. ഇതില്‍ ടീം വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com