ഈ അഞ്ച് കളിക്കാരുടെ ആദ്യ ലോകകപ്പാണ് ഇത്, അതവരുടെ അവസാന ലോകകപ്പുമാവും!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 12:01 PM  |  

Last Updated: 27th May 2019 12:01 PM  |   A+A-   |  

kedar jadhav

രാജ്യത്തിന് വേണ്ടി ലോകകപ്പ് കളിക്കുക സ്വപ്‌നം കണ്ടാവും ഏതൊരു ക്രിക്കറ്റ് താരവും വളര്‍ന്നു വരിക. ചിലര്‍ക്ക് തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഈ ഭാഗ്യം ലഭിക്കും. മറ്റ് ചിലര്‍ക്കാവട്ടെ കരിയറില്‍ ഒരുപാട് കാത്തിരിക്കേണ്ടി വരും ആ അവസരത്തിനായി. ഇംഗ്ലണ്ടില്‍ ലോകകപ്പ് ആവേശം എത്തുമ്പോഴും ആദ്യമായി ലോകകപ്പ് കളിക്കുന്ന നിരവധി കളിക്കാരുണ്ട്. അവരില്‍ ചിലരുടെ അവസാന ലോകകപ്പും ഇതാവാനാണ് സാധ്യത...അങ്ങനെ 2023 ലോകകപ്പിന് എത്താന്‍ സാധ്യതയില്ലാത്ത 5 താരങ്ങള്‍ ഇവരാണ്...

കേദാര്‍ ജാദവ്

ജാദവിന്റെ ബാറ്റിങ്ങിനേക്കാള്‍ കൂടുതല്‍ ബൗളിങ്ങിനാണ് ആരാധകര്‍. നിര്‍ണായക ഘട്ടങ്ങളില്‍ ജാദവിന്റെ മാന്ത്രിക കൈകള്‍ ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കി. ലോവര്‍ ഓഡറില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ ജാദവ് ഇന്ത്യയ്ക്ക് പലവട്ടം താങ്ങായിട്ടുമുണ്ട്. 

ആറാം ബൗളറായും, ഫിനിഷറായും തിളങ്ങി ടീമില്‍ ജാദവ് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ 29ാമത്തെ വയസിലാണ് ജാദവ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കാന്‍ എത്തുമ്പോള്‍ ജാദവിന്റെ പ്രായം 34. യുവ താരങ്ങള്‍ മികച്ച കളിയിലൂടെ ഇന്ത്യന്‍ ടീമിന് മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് ജാദവിന്റെ അവസാനത്തേതാവാനാണ് സാധ്യത. 

ഷോണ്‍ മാര്‍ഷ്

ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുള്ള ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഷോണ്‍ മാര്‍ഷ്. എന്നാല്‍ പരിക്കും, സ്ഥിരതയില്ലായ്മയും മാര്‍ഷിനെ വലയ്ക്കുന്നു. ടീമിലേക്ക് തിരിച്ചു വരവുകള്‍ നടത്തുമെങ്കിലും തന്റെ തന്നെ കഴിവിനോട് നീതി പുലര്‍ത്താന്‍ മാര്‍ഷിന് സാധിച്ചിട്ടില്ല. 

വാര്‍ണറും, സ്മിത്തും വിലക്ക് നേരിട്ട് പുറത്തേക്ക് പോയതോടെ ഓസീസിന് മധ്യനിരയില്‍ പരിചയസമ്പത്തുള്ള താരത്തെ വേണ്ടി വന്നിരുന്നു. എന്നാല്‍ അവരിപ്പോള്‍ മടങ്ങി എത്തുകയും, മാര്‍ഷിന്റെ പ്രായം 35ലേക്ക് എത്തുകയും ചെയ്തതോടെ 2023ലെ ഓസീസിന്റെ ലോകകപ്പ് സംഘത്തില്‍ മാര്‍ഷ് ഉണ്ടാവാന്‍ സാധ്യതയില്ല. 

മണ്‍റോ

കീവീസ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഹാര്‍ഡ് ഹിറ്റിങ് ഓള്‍ റൗണ്ടറായ മണ്‍റോയ്ക്ക് സമയം കുറച്ച് കൂടുതല്‍ വേണ്ടി വന്നിരുന്നു. അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന പേര് മണ്‍റോ ഇതിനോടകം നേടിക്കഴിഞ്ഞു. 

എന്നാല്‍ ഏകദിനത്തിലെ ബാറ്റിങ് ശരാശരി മണ്‍റോയ്ക്ക് ആശങ്ക നല്‍കുന്നതാണ്. 24.91 ബാറ്റിങ് ശരാശരിയില്‍ തുടരുന്ന മണ്‍റോയുടെ അവസാന ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

നഥാന്‍ ലയോണ്‍ 

കഴിവിനേക്കാളുപരി പരിചയസമ്പത്തിന്റെ ബലത്തിലാണ് ലയോണ്‍ ഓസീസ് നിരയില്‍ സ്ഥാനം ഉറപ്പിക്കുന്നത്. സ്മിത്തിന്റേയും, വാര്‍ണറുടേയും അഭാവത്തില്‍ ടീമില്‍ പരിചയസമ്പത്ത് എന്ന ഘടകം ലയോണിലൂടെ കൂടിയാണ് മാനേജ്‌മെന്റ് ഉറപ്പ് വരുത്തിയത്. 

അതേസമയം, ടെസ്റ്റില്‍ ലയോണ്‍ മികവ് കാണിക്കുകയും, ഏകദിന ടീമിലേക്ക് ഇടം നേടുകയും ചെയ്തു. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മുതല്‍ക്കൂട്ടാണ് ലയോണ്‍. എന്നാല്‍ 2023 ലോകകപ്പ് വരെ ഓസീസ് ടീമില്‍ ഇടം നിലനിര്‍ത്താന്‍ ലയോണിന് സാധിക്കില്ലെന്ന് വ്യക്തമാണ്. 

ഉസ്മാന്‍ ഖവാജ

ഇന്ത്യയ്ക്കും പാകിസ്താനും എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഖവാജയ്ക്ക് ഓസീസ് ലോകകപ്പ് സംഘത്തിലേക്ക് ഇടംനേടിക്കൊടുത്തത്. മികച്ച ബാറ്റ്‌സ്മാന്മാരുടെ നിര ഓസീസില്‍ ഉയര്‍ന്ന് വരവെ ഈ ലോകകപ്പിന് ശേഷവും ഫോം നിലനിര്‍ത്തുക എന്നത് ഖവാജയ്ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഫിറ്റ്‌നസിലെ ഖവാജയുടെ പോരായ്മകളും കൂടിയാവുമ്പോള്‍ 2023 ലോകകപ്പ് എന്നത് ഖവാജയുടെ വിദൂര സ്വപ്‌നമാകുന്നു.