അവിശ്വസനീയ കാഴ്ചകള്‍! മൈതാനം ചുവന്ന കടലാക്കി ആരാധകര്‍; ബുണ്ടസ് ലീഗയിലേക്കുള്ള യൂനിയന്‍ ബെര്‍ലിന്റെ കന്നി യാത്ര ഇങ്ങനെ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 04:44 PM  |  

Last Updated: 28th May 2019 04:44 PM  |   A+A-   |  

berlin

 

ബെര്‍ലിന്‍: ഒരു ഫുട്‌ബോള്‍ ക്ലബിന്റെ വിജയം എന്നത് ടീമും ആരാധകരും തമ്മിലുള്ള പര്‌സപര ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കൂടി രൂപപ്പെടുന്നതാണ്. ആരാധകരെ പിണക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ പൊതുവെ ക്ലബുകള്‍ സ്വീകരിക്കാറില്ല. ഓരോ നാട്ടിലേയും ക്ലബുകള്‍ അവിടുത്തെ ആളുകളെ സംബന്ധിച്ച് പരമ പ്രധനമാണ്. അവരുടെ നിശ്വാസങ്ങളില്‍ പോലും ടീമിനോടുള്ള ഇഷ്ടം കാണാം. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.  

യൂനിയന്‍ ബെര്‍ലിന്‍ എന്ന ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്. നടാടെ അവര്‍ ജര്‍മന്‍ ബുണ്ടസ് ലീഗയിലേക്ക് യോഗ്യത സ്വന്തമാക്കി. വരാനിരിക്കുന്ന 2019- 20 സീസണില്‍ ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട് അടക്കമുള്ള വമ്പന്‍മാര്‍ക്കെതിരെ യൂനിയന്‍ ബെര്‍ലിന്‍ മത്സരിക്കാനിറങ്ങും. 

നിര്‍ണായകമായ അവസാന പോരില്‍ സ്റ്റുട്ട്ഗര്‍ടിനെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിടിച്ചാണ് യൂനിയന്‍ ബെര്‍ലിന്‍ ബുണ്ടസ് ലീഗ ബര്‍ത്ത് ഉറപ്പിച്ചത്. എഫ്‌സി കൊളോണ്‍, പഡര്‍ബോണ്‍ ടീമുകള്‍ നേരത്തെ തന്നെ സ്ഥാനമുറപ്പിച്ചിരുന്നു. പ്രമോഷന്‍ പ്ലേയോഫ് പോരാട്ടത്തില്‍ സ്റ്റുട്ട്ഗര്‍ടിനെ 2-2ന് സമനിലയില്‍ തളച്ചപ്പോള്‍ നേടിയ രണ്ട് എവേ ഗോളുകളും ടീമിന് മുന്നോട്ടുള്ള കാര്യങ്ങള്‍ സുഗമമാക്കി. 

തങ്ങളുടെ ടീമിന്റെ നടാടെയുള്ള ബുണ്ടസ് ലീഗ പ്രവേശം ആരാധകര്‍ ശരിക്കുമങ്ങ് ആഘോഷിച്ചു. അവസാന വിസില്‍ മുഴങ്ങും വരെ ശ്വാസമടക്കിപ്പിടിച്ച് നിന്ന കാണികള്‍ പിന്നീട് മത്സരം തീര്‍ന്നപ്പോള്‍ മൈതാനം കൈയേറി ആഘോഷിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താരങ്ങളും ആഘോഷത്തിമിര്‍പ്പിലായിരുന്നു. അതിനിടെ ഗ്രൗണ്ട് നിറയെ ആരാധകരെ കൊണ്ട് നിറഞ്ഞു. അക്ഷരാര്‍ഥത്തില്‍ ഒരു ചുവന്ന കടല്‍ പോലെ തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആരാധകരുടെ സാന്നിധ്യം.