ഓസീസ് താരം സ്‌റ്റോയിനിസിന് തന്ത്രങ്ങള്‍ ഉപദേശിക്കുന്നത് ശ്രീലങ്കയുടെ മലിംഗ! സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്ന് ആരാധകര്‍; കൈയടി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 02:41 PM  |  

Last Updated: 28th May 2019 02:41 PM  |   A+A-   |  

ms

 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പടിവാതില്‍ക്കല്‍ നില്‍ക്കെ നടന്ന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള പോരാട്ടം ഇരു ടീമിനും ആത്മവിശ്വാസം പകരാന്‍ ഉതകുന്നതായിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടത് ലങ്കയ്ക്ക് നിരാശ സമ്മാനിക്കുന്നതായി. 

അതിനിടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ മാതൃകയായി ശ്രീലങ്കന്‍ പേസ് കുന്തമുന ലസിത് മലിംഗ മാറി. ഓസ്‌ട്രേലിയന്‍ താരത്തിന് ബൗളിങ് തന്ത്രങ്ങള്‍ ഉപദേശിക്കുകയും പരിശീലനം നല്‍കുകയും ചെയ്താണ് മലിംഗ ആരാധകരുടെ കൈയടി വാങ്ങിയത്. 

ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനാണ് മലിംഗ ബൗളിങ് ടിപ്പുകള്‍ നല്‍കിയത്. ബൗളിങിൽ താൻ പ്രോയ​ഗിക്കുന്ന സ്ലോവർ ഡെലിവറികളെ കുറിച്ചുള്ള തന്ത്രങ്ങളാണ് മലിം​ഗ സ്റ്റോയിനിസിന് പകർന്ന് നൽകിയിരിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മലിംഗ, സ്‌റ്റോയിനിസിന് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ സതാംപ്ടനില്‍ ഓസ്‌ട്രേലിയയും, ശ്രീലങ്കയും തമ്മില്‍ നടന്ന സന്നാഹ മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സരം അവസാനിച്ചയുടനെ ലസിത് മലിംഗയ്ക്കരികിലെത്തിയ സ്‌റ്റോയിനിസ് മലിംഗയുമായി അല്‍പ നേരം സംസാരിച്ചു. തുടര്‍ന്നായിരുന്നു ചില ബൗളിങ്  തന്ത്രങ്ങള്‍ മലിംഗ, സ്‌റ്റോയിനിസിന് ഉപദേശിച്ചത്. തന്റെ എതിര്‍ ടീം അംഗത്തിന് ബൗളിങ് ടിപ്പുകള്‍ പറഞ്ഞ് കൊടുത്ത മലിംഗയുടെ പ്രവൃത്തിയെ ആരാധകര്‍ അഭിനന്ദിക്കുകയാണിപ്പോള്‍.