ആ കോഹിന്നൂര്‍ ഞാനിങ്ങ് എടുക്കുവായെന്ന് കോഹ് ലി ! ചുമ്മാ തമാശ പറയല്ലേയെന്ന് എലിസബത്ത് രാജ്ഞി ;  ആ ചിത്രത്തെയും വെറുതേ വിടാതെ ട്രോളന്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2019 05:56 AM  |  

Last Updated: 31st May 2019 08:42 AM  |   A+A-   |  

 

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞിയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ട്രോളന്‍മാരുടെ പ്രിയപ്പെട്ട  വിഷയം. ഇരുവരുമൊന്നിച്ചുള്ള ചിത്രം ബിസിസിഐ പങ്കുവച്ചതോടെയാണ് രസകരമായ മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. 

ലോകകപ്പ് ജയിച്ചാല്‍ ആ കോഹിന്നൂര്‍ രത്‌നം കൂടെയിങ്ങ് തിരികെ തന്നേക്കുമോ എന്ന് ചോദിക്കുന്ന കോഹ് ലിയും , തമാശ പറയല്ലേ ചെക്കാ എന്ന് മറുപടി നല്‍കുന്ന രാജ്ഞിയുമാണ് മീമുകളില്‍ രസകരം.  

അതേസമയം കിരീടവുമായി നാട്ടിലേക്ക് വരുന്ന വഴിക്ക് നമ്മുടെ കോഹിന്നൂരും എടുത്തോളൂ എന്നും, കോഹിന്നൂര്‍ തരില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്നുമായിരുന്നു മറ്റു ചില ട്രോളന്‍മാരുടെ ആവശ്യം.

വിരാട് കോഹ് ലിക്ക് പുറമേ ഇംഗ്ലണ്ടിന്റെ നായകന്‍ ഇയാന്‍ മോര്‍ഗനും മറ്റെല്ലാ ടീമുകളുടെ നായകന്‍മാരും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.