നെഞ്ച് പിളര്‍ത്തി മാഴ്‌സലീഞ്ഞോയുടെ ഫ്രീകിക്ക്; ബ്ലാസ്റ്റേഴ്‌സിന് സ്വയം പഴിക്കാം; ഹൈദരാബാദിന് ജയം

സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി ഹൈദരാബാദ് എഫ്‌സി
നെഞ്ച് പിളര്‍ത്തി മാഴ്‌സലീഞ്ഞോയുടെ ഫ്രീകിക്ക്; ബ്ലാസ്റ്റേഴ്‌സിന് സ്വയം പഴിക്കാം; ഹൈദരാബാദിന് ജയം

ഹൈദരാബാദ്: സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഹൈദ​രാബാദിന്റെ വിജയം. ആദ്യ പകുതിയില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. 

ഒന്നാം പകുതിയുടെ 34ാം മിനുട്ടില്‍ മലയാളി താരം കെപി രാഹുല്‍ നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 54ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഹൈദരാബാദ് സമനില പിടിച്ചത്. 81ാം മിനുട്ടില്‍ ഉജ്ജ്വലമായ ഫ്രീ കിക്കിലൂടെ മാഴ്‌സലീഞ്ഞോ ഹൈദരാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു. 

നേരത്തെ ആദ്യ പകുതിയില്‍ 34ാം മിനുട്ടിലാണ് രാഹുല്‍ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പ്രതിരോധ നിരയുടെ തലയ്ക്ക് മുകളിലൂടെ സഹല്‍ പന്ത് രാഹുലിനെ ലാക്കാക്കി തിരിച്ച് കോരിയിട്ടു കൊടുക്കുകയായിരുന്നു. അഡ്വാന്‍സ് ചെയ്ത ഗോളിയെ തോല്‍പിച്ച് പന്ത് മുന്നോട്ട് ആഞ്ഞ് വലയിലേയ്ക്ക് ടാപ്പ് ചെയ്യുകയായിരുന്നു രാഹുല്‍. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഫിനിഷിങിലെ പോരായ്മകള്‍ തിരിച്ചടിയായി. 

രണ്ടാം പകുതി തുടങ്ങി 54ാം മിനുട്ടില്‍ മഹ്മദൗ ഒരു ഫൗളിലൂടെ ഹൈദരാബാദിന് പെനാല്‍റ്റി സമ്മാനിക്കുകയായിരുന്നു. മാര്‍ക്കോ സ്റ്റാന്‍കോവിച്ച് എടുത്ത കിക്ക് ഗോളി രഹ്നേഷിനെ മറികടന്ന് വലയിലെത്തിച്ചു. 

കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവേ 81ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് മത്സരത്തിന്റെ ഗതി ഹൈദരാബാദിന് അനുകൂലമാക്കി. മനോഹരമായ ഷോട്ടിലൂടെയാണ് മാഴ്‌സലീഞ്ഞോ പന്ത് വലയിലാക്കിയത്. 

പാസിങിലും പൊസഷനിലുമെല്ലാം ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. നിരവധി ഗോളവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് തുറന്നെടുത്തത്. എന്നാല്‍ അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതിന് ബ്ലാസ്‌റ്റേഴ്‌സിന് സ്വയം പഴിക്കാം. 

ആദ്യ ഇലവനില്‍ നാല് മലയാളി താരങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെപി, ഗോള്‍ കീപ്പര്‍ ടിപി രഹനേഷ്, കെ പ്രശാന്ത് എന്നിവരാണ് ആദ്യ ഇലവനില്‍ മഞ്ഞപ്പടയ്ക്കായി കളത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com