ഇനി ഓപ്പണിങ്ങിലും മറ്റൊരു താരത്തെ തേടണം? ധവാന്റെ താളപ്പിഴ വിഷയമാവുന്നു, മുന്നറിയിപ്പുമായി മുന്‍ നായകനും

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യില്‍ 41 റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ 42 പന്തില്‍ നിന്നായിരുന്നു അത്
ഇനി ഓപ്പണിങ്ങിലും മറ്റൊരു താരത്തെ തേടണം? ധവാന്റെ താളപ്പിഴ വിഷയമാവുന്നു, മുന്നറിയിപ്പുമായി മുന്‍ നായകനും

ഫോമിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്വന്റി20 ലോകകപ്പിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശിനെതിരായ അടുത്ത രണ്ട് ട്വന്റി20യില്‍ കൂടി മികവ് കാണിക്കാന്‍ ധവാനായില്ലെങ്കില്‍ ഓപ്പണര്‍ സ്ഥാനത്തും ഇന്ത്യ മറ്റ് പരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചനകള്‍. 

ഇംഗ്ലണ്ട് ലോകകപ്പില്‍ പരിക്കേറ്റതിന് ശേഷം കളിക്കളത്തിലേക്ക് എത്തിയ ധവാന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനായില്ല. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യില്‍ 41 റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ 42 പന്തില്‍ നിന്നായിരുന്നു അത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യില്‍ സ്‌കോര്‍ ചെയ്തത് 3,40. 

അടുത്തിടെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും ഫോം കണ്ടെത്താന്‍ ധവാന് സാധിച്ചില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്ന് പറയത്തക്കതായി ധവാന്റെ പേരില്‍ വന്നത് ഒരു അര്‍ധശതകം മാത്രം. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ധവാന്റെ മെല്ലെപ്പോക്ക് ഇന്ത്യയുടെ സ്‌കോറിങ്ങിനെ ബാധിച്ചു. പവര്‍പ്ലേകളില്‍ പതറുന്ന ധവാനാണ് ഇവിടെ ഇന്ത്യയ്ക്ക് വെല്ലുവിളിയായത്. 

ഓപ്പണിങ്ങില്‍ ധവാനും, രോഹിത്തും മെല്ലെപ്പോവാനുള്ള രീതി ഒരേ സമയം സ്വീകരിച്ചാല്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാവും. കാരണം, ധവാന്‍ പിന്നോട്ടേക്ക് ആയുമ്പോള്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള സമ്മര്‍ദ്ദം രോഹിത്തിലേക്ക് എത്തും. ഇത് രോഹിത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കും.

നേരിട്ട ഡെലിവറിയും, നേടിയ സ്‌കോറും സമാനമാവുന്നത് ടീമിനെ ഒരുതരത്തിലും സഹായിക്കില്ലെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ധവാന്‍ അതിനെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഒരു ഇടവേള കഴിഞ്ഞ് വരുമ്പോള്‍ താളത്തിലേക്ക് എത്താന്‍ കളിക്കാര്‍ക്ക് സമയം വേണ്ടി വരും. ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു എങ്കില്‍ ട്വന്റി20 റാങ്കിങ്ങില്‍ മുന്‍പിലേക്ക് കയറുന്ന പ്രകടനം ഇപ്പോള്‍ തന്നെ ഇന്ത്യ പുറത്തെടുക്കേണ്ടതുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com