മാനസികാരോഗ്യ പ്രശ്‌നം, മറ്റൊരു ഓസീസ് താരം കൂടി ക്രിക്കറ്റില്‍ നിന്ന് ഇടവേള പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയ എയ്ക്കുള്ള ടീമില്‍ നിന്നാണ് മഡിന്‍സന്‍ പിന്‍വാങ്ങിയത്
മാനസികാരോഗ്യ പ്രശ്‌നം, മറ്റൊരു ഓസീസ് താരം കൂടി ക്രിക്കറ്റില്‍ നിന്ന് ഇടവേള പ്രഖ്യാപിച്ചു

മെല്‍ബണ്‍: മാനസികാരോഗ്യ പ്രശ്‌നം മുന്‍ നിര്‍ത്തി മറ്റൊരു ഓസ്‌ട്രേലിയന്‍ താരം കൂടി ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് ഇടവേള എടുക്കുന്നു. ഓസീസ് ബാറ്റ്‌സ്മാന്‍ നിക് മഡിന്‍സനാണ്, മാക്‌സ്വെല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയ എയ്ക്കുള്ള ടീമില്‍ നിന്നാണ് മഡിന്‍സന്‍ പിന്‍വാങ്ങിയത്. ടെസ്റ്റിലേക്കുള്ള മഡിസന്റെ മടങ്ങി വരവിന് വഴിവയ്ക്കുന്ന മത്സരമായിരുന്നു അത്. 2016ലാണ് മഡിസന്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ 2016ലെ പാകിസ്ഥാനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന് ശേഷം മഡിന്‍സന് ടീമിലേക്ക് എത്തിയിരുന്നില്ല.

ടെസ്റ്റ് കരിയറില്‍ മൂന്ന് ടെസ്റ്റ് മാത്രം പിന്നിട്ടപ്പോഴേക്കും മഡിന്‍സനെ ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മിന്നും പ്രകടനവുമായാണ് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവിന് മഡിന്‍സന് ഒരുങ്ങിയത്. കഴിഞ്ഞ രണ്ട് സീസണില്‍ വിക്ടോറിയയ്ക്ക് വേണ്ടി 8 കളികള്‍ കളിച്ച മാഡിസന്‍ 80 എന്ന ശരാശരിയില്‍ 952 റണ്‍സാണ് അടിച്ചെടുത്തത്. ഈ മാസം ആദ്യം കരിയര്‍ ബെസ്റ്റായ 224 റണ്‍സും മഡിന്‍സന്‍ കണ്ടെത്തിയിരുന്നു.

2017ലും മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മഡിന്‍സന്‍ ഇടവേള എടുത്തിരുന്നു. ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച  മഡിന്‍സന് തിരിച്ചു വരവിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അവരെ അലട്ടുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ കളിക്കാര്‍ കാണിക്കുന്ന ധൈര്യത്തെ തങ്ങള്‍ അഭിനന്ദിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com