പ്ലേയര്‍ റിലീസില്‍ ബാംഗ്ലൂരിന്റെ മണ്ടത്തരങ്ങള്‍; ഒരു കാര്യവുമില്ലാതെ ഈ 5 താരങ്ങളെ നിലനിര്‍ത്തി ടീമുകള്‍

പല ടീമുകളും റിലീസ് ചെയ്യാന്‍ തയ്യാറാവാതിരുന്ന താരങ്ങളെ കണ്ട് ക്രിക്കറ്റ് ലോകത്ത് നിന്ന് മുറുമുറുപ്പ് ഉയരുന്നുണ്ട്...
പ്ലേയര്‍ റിലീസില്‍ ബാംഗ്ലൂരിന്റെ മണ്ടത്തരങ്ങള്‍; ഒരു കാര്യവുമില്ലാതെ ഈ 5 താരങ്ങളെ നിലനിര്‍ത്തി ടീമുകള്‍

താര ലേലത്തിലേക്കുള്ള തന്ത്രങ്ങള്‍ മനസില്‍ കണ്ട് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടേയും, റിലീസ് ചെയ്യുന്ന താരങ്ങളുടേയും അന്തിമ പട്ടികയുമായി എട്ട് ഫ്രാഞ്ചൈസികളുമെത്തി. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ താരങ്ങളെ റിലീസ് ചെയ്ത് ടീമുകള്‍ താര ലേലത്തിലേക്ക് കണ്ണ് വയ്ക്കുന്നു. എന്നാല്‍, പല ടീമുകളും റിലീസ് ചെയ്യാന്‍ തയ്യാറാവാതിരുന്ന താരങ്ങളെ കണ്ട് ക്രിക്കറ്റ് ലോകത്ത് നിന്ന് മുറുമുറുപ്പ് ഉയരുന്നുണ്ട്...അങ്ങനെയുള്ള ചില താരങ്ങള്‍ ഇവരാണ്...

മുഹമ്മദ് സിറാജ്

ഹെറ്റ്മയര്‍, സ്റ്റൊയ്‌നിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരെ റിലീസ് ചെയ്യുകയും, മുഹമ്മദ് സിറാജിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്യുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 26 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച സിറാജ് 28 വിക്കറ്റാണ് വീഴ്ത്തിയത്. ഇക്കണോമി 9.20. ബൗളിങ് ശരാശരി 30.28. ഐപിഎല്‍ കരിയറില്‍ ഒരിക്കല്‍ മാത്രമാണ് സിറാജ് നാല് വിക്കറ്റ് നേട്ടം കൈവരിച്ചത്. 

ഐപിഎല്‍ 2019ല്‍ 9 മത്സരങ്ങളില്‍ ഇറങ്ങിയ സിറാജ് വീഴ്ത്തിയത് 7 വിക്കറ്റ് മാത്രം. ഇക്കണോമി 9.55. കഴിഞ്ഞ സീസണില്‍ സിറാജിനെ ബാറ്റ്‌സ്മാന്മാര്‍ അടിച്ചു തകര്‍ത്തപ്പോഴാണ് താരത്തെ വീണ്ടും നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ തീരുമാനിച്ചിരിക്കുന്നത്. 

പവന്‍ നേഗി

2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് വിന്നറായതോടെയാണ് പവന്‍ നേഗിയിലേക്ക് ശ്രദ്ധ എത്തുന്നത്. 2017ല്‍ 16 വിക്കറ്റ്, 6.12 എന്ന ഇക്കണോമിയില്‍ വീഴ്ത്തി ഇടംകയ്യന്‍ സ്പിന്നര്‍ മികവ് കാട്ടി. പക്ഷേ, പിന്നെയങ്ങോട്ട് ആ മികവ് നേഗിയില്‍ നിന്ന് വന്നില്ല. 

ഐപിഎല്‍ 2019ല്‍ ഏഴ് കളിയില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് നേഗിക്ക് ലഭിച്ചത്. ഇക്കണോമി റേറ്റ് 9.13 ആയിരുന്നു. ബാറ്റിങ്ങില്‍ നേഗിക്ക് നേടാനായത് 9 റണ്‍സ് മാത്രം. എന്നിട്ടും നേഗിയെ ടീമില്‍ നിലനിര്‍ത്താനുള്ള ബാംഗ്ലൂരിന്റെ തീരുമാനമാണ് ആരാധകരെ ഞെട്ടിക്കുന്നത്. 

ബേസില്‍ തമ്പി

ഏറ്റവും കുറവ് താരങ്ങളെ റിലീസ് ചെയ്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ്. യൂസഫ് പഠാന്‍, ദീപക് ഹൂഡ എന്നിവരെ സണ്‍റൈസേഴ്‌സ് ഒഴിവാക്കുമ്പോള്‍ ബേസില്‍ തമ്പി ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നു. 2019 സീസണില്‍ ഒരു വിക്കറ്റ് പോലും ബേസിലിന് വീഴ്ത്താനായിരുന്നില്ല. 

എന്നിട്ടും ബേസിലിനെ ടീമില്‍ നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. 2018 സീസണില്‍ ബേസില്‍ വീഴ്ത്തിയത് 5 വിക്കറ്റ് മാത്രമാണ്. ഇക്കണോമിയാവട്ടെ 11.21ലേക്ക് എത്തിയിരുന്നു. 

ഖലീല്‍ അഹ്മദ്

സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജന്‍, സന്ദീപ് ശര്‍മ എന്നീ ബൗളര്‍മാര്‍ കയ്യിലുള്ളപ്പോള്‍ ഖലീല്‍ അഹ്മദിനെ ടീമില്‍ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ ഇടംകയ്യന്‍ പേസര്‍മാരില്‍ മുന്‍പന്തിയിലുള്ള താരമാണ് ഖലീല്‍. പക്ഷേ സണ്‍റൈസേഴ്‌സില്‍ ഖലീലിനെ നിലനിര്‍ത്തുന്നത് ടീമിന്റെ ആശയക്കുഴപ്പം വര്‍ധിപ്പിക്കും. 

ഭുവിയും, സ്റ്റാന്‍ലേക്കും, സിദ്ധാര്‍ഥ് കൗളും, നടരാജും ഉള്‍പ്പെടെയുള്ള വലംകയ്യന്‍ ബൗളര്‍മാര്‍ നില്‍ക്കുമ്പോള്‍ ഇടംകയ്യന്‍ പേസറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നതാവും മാനേജ്‌മെന്റിന് ആശയക്കുഴപ്പം തീര്‍ക്കുക. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ ഖലീലിനെ അടിച്ചു പറത്തിയ വിധം കൂടി കാണുമ്പോള്‍ സണ്‍റൈസേഴ്‌സിന്റെ തീരുമാനം തെറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കേദാര്‍ ജാദവ്

2018ല്‍ ചെന്നൈയിലേക്ക് എത്തിയതിന് പിന്നാലെ ടീമിനെ തുണയ്ക്കുന്ന മികവ് ജാദവില്‍ നിന്ന് വന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കാതെ പോവുന്ന ജാദവിനെയാണ് കണ്ടത്. 95.85 മാത്രമാണ് ജാദവിന്റെ സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ സീസണില്‍ നേടിയത് ഒരു അര്‍ധ ശതകം മാത്രം. ധോനി, റെയ്‌ന എന്നിവര്‍ക്ക് പിന്തുണ നല്‍കാനും ജാദവിനായില്ല. 

7.80 കോടി രൂപയ്ക്കാണ് ചെന്നൈ ജാദവിനെ സ്വന്തമാക്കിയത്. ജാദവിനെ റിലീസ് ചെയ്ത് കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കാനാവും ചെന്നൈ മുതിരുക എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, റിലീസ് ചെയ്യാതെ ജാദവിന് ഒരവസരം കൂടി നല്‍കുകയാണ് ചെന്നൈ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com