'കളിച്ച് തെളിയൂ' ; ഋഷഭ് പന്തിനെ സീനിയര്‍ ടീമില്‍ നിന്നും 'ഒഴിവാക്കി' ; ശ്രീകര്‍ ഭരത് റിസര്‍വ് കീപ്പര്‍

പന്തിന് പകരം ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി ആന്ധ്രാ താരം ശ്രീകര്‍ ഭരതിനെ ഉള്‍പ്പെടുത്തി
'കളിച്ച് തെളിയൂ' ; ഋഷഭ് പന്തിനെ സീനിയര്‍ ടീമില്‍ നിന്നും 'ഒഴിവാക്കി' ; ശ്രീകര്‍ ഭരത് റിസര്‍വ് കീപ്പര്‍

കൊല്‍ക്കത്ത:  ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരങ്ങളായ ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഒഴിവാക്കി.  ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് ഇരുവരെയും ടീമില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരുവര്‍ക്കും ആദ്യ ഇലവനില്‍ ഇടംകിട്ടിയിരുന്നില്ല. പന്തിന് പകരം ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി ആന്ധ്രാ താരം ശ്രീകര്‍ ഭരതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതോടെ ഇരുവരും ആഭ്യന്തര മല്‍സരങ്ങളില്‍ സജീവമാകും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുടെ ശേഷിക്കുന്ന രണ്ട് സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ ഋഷഭ് പന്ത് കളിക്കും. ഹരിയാനയ്‌ക്കെതിരെ നവംബര്‍ 24നും രാജസ്ഥാനെതിരെ നവംബര്‍ 27നുമാണ് ഡല്‍ഹിയുടെ മത്സരങ്ങള്‍. തുടര്‍ന്ന് ടീം സെമിയിലേക്കും ഫൈനലിലേക്കും കടന്നാല്‍ ഡല്‍ഹിക്ക് വേണ്ടി പന്തിന് കളിക്കാനാകും.

പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണറായ ശിഖര്‍ ധവാനും നിലവില്‍ ഡല്‍ഹിക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിന്റെ ശേഷിക്കുന്ന രണ്ട് സൂപ്പര്‍ ലീഗ് മത്സരങ്ങളിലാണ് യുവതാരം ശുഭ്മാന്‍ ഗില്‍ കളിക്കുക. നവംബര്‍ 24ന് കര്‍ണാടകയ്ക്ക് എതിരെയും 25ന് തമിഴ്‌നാടിന് എതിരെയുമാണ് പഞ്ചാബിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. പഞ്ചാബ് ടീം സെമിയിലേക്കും ഫൈനലിലേക്കും കടന്നാല്‍ ആ മല്‍സരങ്ങളിലും ഗില്‍ പഞ്ചാബിനായി പാഡണിയും.

പന്തിനെ സീനിയര്‍ ടീമില്‍ നിന്നും ഒഴിവാക്കിയതോടെയാണ്, ആഭ്യന്തരമല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ശ്രീകര്‍ ഭരതിന് വഴിയൊരുങ്ങിയത്. ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ റിസര്‍വായാണ് ഭരതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് എട്ടു സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളും സഹിതം 3,909 റണ്‍സാണ് ആന്ധ്ര താരമായ ഭരതിന്റെ സമ്പാദ്യം. ദീര്‍ഘകാലമായി ഇന്ത്യ എ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലെ ഏക വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് പരമ്പരയ്ക്കു മുന്നോടിയായി വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണിനെ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മല്‍സരം പോലും കളിപ്പിക്കാതെ ഒഴിവാക്കുകയായിരുന്നു. ഇതിനെ ശശി തരൂര്‍ എംപി, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ തുടങ്ങിയവര്‍ വിമര്‍ശിച്ചിരുന്നു. സമീപ കാലത്ത് മോശം പ്രകടനം തുടരുന്ന പന്തിനെ നിലനിര്‍ത്തിയാണ്, സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com