2021ലും ഐപിഎല്‍ കളിക്കും, 2020ലെ ലോകകപ്പും? ധോനി കളി തുടരുമെന്ന് രവി ശാസ്ത്രിയും ചെന്നൈയും

ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള പ്രധാന ടൂര്‍ണമെന്റാണ് ഐപിഎല്‍ എന്ന് ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു
2021ലും ഐപിഎല്‍ കളിക്കും, 2020ലെ ലോകകപ്പും? ധോനി കളി തുടരുമെന്ന് രവി ശാസ്ത്രിയും ചെന്നൈയും

ചെന്നൈ: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചിട്ടില്ലെന്ന് പരിശീലകന്‍ രവി ശാസ്ത്രി. എപ്പോള്‍ വീണ്ടും കളിച്ചു തുടങ്ങുന്നു, ഐപിഎല്ലില്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. കാരണം, ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള പ്രധാന ടൂര്‍ണമെന്റാണ് ഐപിഎല്‍ എന്ന് ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ എത്തി, ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയാണ് ധോനി ലക്ഷ്യം വയ്ക്കുന്നതെന്ന് ശാസ്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തം. ഇതിനൊപ്പം,  ധോനി ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുന്നുണ്ട്. 2020 ഐപിഎല്‍ ആയിരിക്കില്ല ധോനിയുടെ അവസാനത്തെ ഐപിഎല്‍ സീസണ്‍. 

2021ലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോനി കളിക്കുമെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ഐപിഎല്ലിന് മുന്‍പ് നടക്കുന്ന വലിയ താര ലേലം നടക്കും. 2021ല്‍ കളിക്കും എന്ന് ധോനി ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിരമിക്കാനുള്ള തീരുമാനം ധോനിയില്‍ നിന്ന് അടുത്തുണ്ടാവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ പറയുന്നു. 

2021ലെ താര ലേലത്തിലേക്ക് ധോനിയുടെ പേരും എത്തും. 15 കോടി രൂപയ്ക്കാണ് ധോനി നിലവില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നത്. എന്നാല്‍, താര ലേലത്തിലേക്ക് വിടാതെ തന്നെ ടീമില്‍ നിലനിര്‍ത്തുന്നതിന് എതിരായ നിലപാടാണ് ധോനി സ്വീകരിക്കുന്നത്. ഇതോടെ കുറഞ്ഞ വിലയ്ക്ക് ധോനിയെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്കാവും. എന്നാല്‍, താര ലേലത്തിലേക്ക് വിടാതെ ധോനിയെ ടീമില്‍ നിലനിര്‍ത്തുക എന്നതാണ് ധോനിയോടുള്ള ബഹുമാന സൂചകമായി ചെന്നൈ ലക്ഷ്യം വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com