'കേരളത്തിന്റെ സ്‌നേഹത്തിന് നന്ദി; ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടി; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം'- പിവി സിന്ധു

കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് സിന്ധുവിന്റെ പ്രതികരണം
'കേരളത്തിന്റെ സ്‌നേഹത്തിന് നന്ദി; ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടി; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം'- പിവി സിന്ധു

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ പിവി സിന്ധു തന്റെ ഭാവി പ്രതീക്ഷകളെ കുറിച്ച് മനസ് തുറന്നു. അടുത്ത വര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സിന്ധു വ്യക്തമാക്കി. കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് സിന്ധുവിന്റെ പ്രതികരണം. 

കേരളത്തിന്റെ സ്‌നേഹത്തിന് സിന്ധു നന്ദി പറഞ്ഞു. മലയാളികള്‍ തരുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.  

ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടി. കാത്തിരുന്ന് നേടിയ ജയം മുന്നോട്ടുള്ള കരിയറില്‍ പ്രചോദനമാണ്. ഒളിമ്പിക്‌സിന് മുമ്പുള്ള എല്ലാ ടൂര്‍ണമെന്റുകളും പ്രധാനമാണ്. അടുത്ത ഡെന്‍മാര്‍ക്ക് ഓപണില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.

കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ സിന്ധുവിനെ വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു. സിന്ധുവിനെ കാണാന്‍ വിമാനത്താവള പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. 

ഇന്ന് രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും സിന്ധു ദര്‍ശനം നടത്തി. സെറ്റും മുണ്ടുമുടുത്ത് തനി കേരളീയ വേഷത്തില്‍ മലയാളിക്കുട്ടിയായാണ് സിന്ധു ക്ഷേത്ര ദര്‍ശനം നടത്തിയത്. സിന്ധുവിനൊപ്പം അമ്മ വിജയയുമുണ്ടായിരുന്നു. 

ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ലക്ഷം രൂപയും ഉപഹാരവും സിന്ധുവിന് കൈമാറും. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു ലോക കിരീടം നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com