മാന്‍ഡ്‌സുകിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്; യുവന്റസ് ലക്ഷ്യം വയ്ക്കുന്നത് പോഗ്ബയെ?

മാന്‍ഡ്‌സുകിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്; യുവന്റസ് ലക്ഷ്യം വയ്ക്കുന്നത് പോഗ്ബയെ?

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡ്‌സുകിച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

മിലാന്‍: ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡ്‌സുകിച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. മാന്‍ഡ്‌സുകിചിനെ കൈമാറുന്ന കാര്യത്തില്‍ യുവന്റസും യുനൈറ്റഡും തമ്മില്‍ വാക്കാല്‍ കരാര്‍ ഉറപ്പിച്ചതായി ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോസ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടം താരക്കൈമാറ്റ സമയത്ത് ക്രൊയേഷ്യന്‍ താരം മാഞ്ചസ്റ്ററിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിതി പരമ ദയനീയമാണ്. എട്ട് കളികളില്‍ നിന്ന് രണ്ട് ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമായി ടീം 12ാം സ്ഥാനത്താണ്. മുന്നേറ്റത്തില്‍ മികച്ച താരമില്ലാത്തതാണ് യുനൈറ്റഡിനെ കുഴക്കുന്നത്. സീസണ്‍ ആരംഭിക്കുന്നത് മുന്‍പുള്ള ട്രാന്‍സ്ഫര്‍ വിപണിയുടെ ഒന്നാം ഘട്ടത്തില്‍ റൊമേലു ലുകാകു, അലക്‌സിസ് സാഞ്ചസ് എന്നിവരെ ഇന്റര്‍ മിലാന് കൈമാറിയിരുന്നു. ഈ നീക്കം അവര്‍ക്ക് തിരിച്ചടിയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍. 

2015 മുതല്‍ യുവന്റസിനായി കളിക്കുന്ന മാന്‍ഡ്‌സുകിചിന് നിലവില്‍ യുവന്റസിന്റെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പോളെ ഡിബാല എന്നിവരുടെ സാന്നിധ്യമാണ് താരത്തിന് വിനയായത്. ഈ സീസണില്‍ പരിശീലകനായി സ്ഥാനമേറ്റ മൗറീസിയോ സരിയുടെ തന്ത്രങ്ങളിലും ക്രൊയേഷ്യന്‍ താരത്തിന് കാര്യമായ പങ്കില്ല. ഈ സീസണില്‍ മിക്ക സമയത്തും താരം പകരക്കാരുടെ ബഞ്ചിലായിരുന്നു. ഇതോടെയാണ് ടീം വിടുന്നത് സംബന്ധിച്ച് മാന്‍ഡ്‌സുകിച് കാര്യമായി ചിന്തിച്ചത്. 

ക്രൊയേഷ്യന്‍ താരത്തെ ജനുവരി വിന്‍ഡോയില്‍ കൈമാറാനുള്ള തീരുമാനം യുവന്റസ് എടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് മധ്യനിര താരം പോള്‍ പോഗ്ബയെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമം യുവെ നടത്തുന്നുണ്ട്. മാന്‍ഡ്‌സുകിചിനെ മുന്നില്‍ നിര്‍ത്തി വില പേശല്‍ തന്ത്രം പുറത്തെടുക്കാനുള്ള ഒരുക്കങ്ങള്‍ ഇറ്റാലിയന്‍ കരുത്തര്‍ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വോള്‍വ്‌സ്ബര്‍ഗ്, ബയേണ്‍ മ്യൂണിക്ക്, സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്കായി കളിച്ച ശേഷമാണ് മാന്‍ഡ്‌സുകിച് ഇറ്റലിയിലെത്തിയത്. 162 മത്സരങ്ങള്‍ യുവന്റസിനായി കളിച്ച താരം 44 ഗോളുകളും നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com