900ത്തില്‍ നിന്ന് താഴേക്ക്, സ്മിത്തിന്റെ മൂക്കിന്‍തുമ്പിലേക്ക് കോഹ് ലി വന്നത് ഒരൊറ്റ ടെസ്റ്റിലൂടെ

പുനെ ടെസ്റ്റിലെ ഇരട്ട ശതകത്തോടെ ടെസ്റ്റ് റാങ്കിലെ പോയിന്റ് കോഹ് ലി 900 കടത്തുക മാത്രമല്ല, തന്റെ കരിയര്‍ ബെസ്റ്റ് പോയിന്റായ 936ന് അടുത്തേക്ക് എത്തിക്കുകയും ചെയ്തു
900ത്തില്‍ നിന്ന് താഴേക്ക്, സ്മിത്തിന്റെ മൂക്കിന്‍തുമ്പിലേക്ക് കോഹ് ലി വന്നത് ഒരൊറ്റ ടെസ്റ്റിലൂടെ

വിശാഖപട്ടണം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ് ലിയെ കാത്തിരുന്നത് തിരിച്ചടിയായിരുന്നു. 2018ന് ശേഷം ആദ്യമായി കോഹ് ലിയുടെ റാങ്ക് പോയിന്റ് 900ന് താഴെയെത്തി. എന്നാല്‍ തൊട്ടടുത്ത ടെസ്റ്റില്‍ തന്നെ കോഹ് ലി ആ തിരിച്ചടിക്ക് മറുപടി നല്‍കി.

പുനെ ടെസ്റ്റിലെ ഇരട്ട ശതകത്തോടെ ടെസ്റ്റ് റാങ്കിലെ പോയിന്റ് കോഹ് ലി 900 കടത്തുക മാത്രമല്ല, തന്റെ കരിയര്‍ ബെസ്റ്റ് പോയിന്റായ 936ന് അടുത്തേക്ക് എത്തിക്കുകയും ചെയ്തു. 937 പോയിന്റാണ് കോഹ് ലിയുടെ കരിയര്‍ ബെസ്റ്റ്. നിലവില്‍ കോഹ് ലിയും സ്മിത്തും തമ്മിലുള്ള പോയിന്റ് അകലവും ഒരു പോയിന്റ് മാത്രം. 937 പോയിന്റോടെയാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

2018ല്‍ പന്ത് ചുരണ്ടലില്‍ പിടിക്കപ്പെട്ട് സ്മിത്ത് വിലക്കിലേക്ക് പോവുമ്പോള്‍ 947 പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാമതായിരുന്നു സ്മിത്ത്. സ്മിത്തിന്റെ അഭാവത്തില്‍ കോഹ് ലി ഒന്നാം സ്ഥാനം കയ്യടക്കി. എന്നാല്‍ തിരിച്ചു വരവിലെ ആദ്യ ടെസ്റ്റ് പരമ്പരയോടെ തന്നെ സ്മിത്ത് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ആഷസ് ടെസ്റ്റില്‍ നിന്ന് 774 റണ്‍സാണ് 110.58 എന്ന ബാറ്റിങ് ശരാശരിയില്‍ സ്മിത്ത് നേടിയെടുത്തത്.

പുനെ ടെസ്റ്റല്‍ സെഞ്ചുറിയിലേക്ക് എത്തിയതോടെ 10 ടെസ്റ്റുകളില്‍ സെഞ്ചുറിയില്ലാതെയുള്ള പോക്കിനാണ് കോഹ് ലി അവസാനം കുറിച്ചത്. പുനെ ടെസ്റ്റിലും സെഞ്ചുറിയിലേക്ക് എത്തിയതോടെ മായങ്ക് അഗര്‍വാള്‍ കരിയറില്‍ ആദ്യമായി ടോപ് 20യിലേക്ക് എത്തി. 17ാം റാങ്കിലേക്കാണ് അഗര്‍വാള്‍ എത്തിയത്.

പുനെ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് 25ാം സ്ഥാനത്തേക്കെത്തി. അശ്വിന്‍ ഏഴാം സ്ഥാനത്തേക്കെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 40ലേക്ക് വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com