ആ പെനാല്‍റ്റിയിലൂടെ ചരിത്രം, 700 തൊട്ട് ക്രിസ്റ്റ്യാനോ; എന്നിട്ടും നിരാശ

രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുന്ന പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കി പെനാല്‍റ്റി സ്‌പോട്ടിലേക്ക് റഫറിയുടെ കൈ
ആ പെനാല്‍റ്റിയിലൂടെ ചരിത്രം, 700 തൊട്ട് ക്രിസ്റ്റ്യാനോ; എന്നിട്ടും നിരാശ

72ാം മിനിറ്റില്‍ ഉക്രൈന്റെ സ്റ്റെപാനെങ്കോ പന്ത് തടയാന്‍ കയ്യെടുത്തു. രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുന്ന പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കി പെനാല്‍റ്റി സ്‌പോട്ടിലേക്ക് റഫറിയുടെ കൈ. അവിടെ ക്രിസ്റ്റിയാനോ ചരിത്രമെഴുതി. 700 എന്ന മാന്ത്രിക സംഖ്യ തൊട്ട് ക്രിസ്റ്റിയാനോ.

എന്നിട്ടും ടീമിന് സന്തോഷിക്കാന്‍ വകയുണ്ടായില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഉക്രൈന്‍ യൂറോ 2020ന് യോഗ്യത ഉറപ്പിച്ചു. പോര്‍ച്ചുഗലിന് ജര്‍മനി വേദിയാവുന്ന യൂറോയിലേക്ക് പറക്കാന്‍ ഇനിയും പണിപ്പെടണം. ആറ് ക്വാളിഫയിങ് മത്സരങ്ങളില്‍ നിന്ന് ഇത് ക്രിസ്റ്റ്യാനോയുടെ ഏഴാം ഗോളാണ്. പോര്‍ച്ചുഗലിന് വേണ്ടിയുള്ള 95മത്തേയും.

ഞാന്‍ അവയ്ക്ക് പിന്നാലെ പോവുകയല്ല. എന്നെ പിന്തുടരുകയാണ് അവ. നാളെയെ കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മത്സരത്തില്‍ എന്റെ 701ാം ഗോള്‍ നേടുന്നതിനെ കുറിച്ച്...ഉക്രയ്‌നെതിരായ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു.

റയലിന് വേണ്ടി 450 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. 118 ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും 32 ഗോളുകള്‍ ഇപ്പോഴത്തെ ക്ലബായ യുവന്റ്‌സിന് വേണ്ടിയും. സ്‌പോര്‍ടിങ് ലിസ്ബണിന് വേണ്ടി ക്രിസ്റ്റിയാനോ 5 ഗോളുകള്‍ നേടിയിട്ടുണ്ട്. എത്തിപ്പിടിക്കാന്‍ എളുപ്പമുള്ള സംഖ്യയല്ല അത്. എന്നെ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. എന്നാല്‍ തോല്‍വിയിലാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത് എന്നത് വേദനിപ്പിക്കുന്നു എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

ജയം പിടിക്കാന്‍ പോര്‍ച്ചുഗല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസരങ്ങള്‍ ലക്ഷ്യം കണ്ടില്ല. 24 ഷോട്ടുകളാണ് പോര്‍ച്ചുഗലില്‍ നിന്ന് വന്നത്. അതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നവ 10. ഈ സ്ഥാനത്ത് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉക്രെയ്‌നില്‍ നിന്ന് വന്നത് നാല് ഷോട്ടുകള്‍ മാത്രമാണ്. എന്നാലവ ഗോളാക്കാന്‍ സാധിച്ചത് അവരെ തുണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com