മുഴുപട്ടിണി, നരക ജീവിതം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇരട്ട ശതകം പിറന്നത് ഈ യാതനകളെല്ലാം മറികടന്ന്‌

ക്രിക്കറ്റ് കളിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പതിനൊന്നുകാരന്‍ ഉത്തര്‍പ്രദേശിലെ ഭദോനിയില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറി
മുഴുപട്ടിണി, നരക ജീവിതം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇരട്ട ശതകം പിറന്നത് ഈ യാതനകളെല്ലാം മറികടന്ന്‌

ഏകദിനത്തില്‍ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ലിസ്റ്റ് എയില്‍ ഇരട്ട ശതകം നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരന്‍...അങ്ങനെ നേട്ടങ്ങള്‍ പലതും പറഞ്ഞായിരുന്നു യശസ്വി ജയ്‌സ്വാളിന്റെ വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്...വിശന്ന് പൊരിഞ്ഞ വയറുമായി, സ്വന്തമായി വീടില്ലാതെ, കൂമ്പാരും കൂടി മുന്‍പിലെത്തിയ പ്രതിസന്ധികളെയെല്ലാം മറികടന്നായിരുന്നു നേട്ടങ്ങളുടെ തലക്കെട്ടുകളിലേക്കുള്ള ആ യാത്ര...

ഞാന്‍ ഒരിക്കലും ഗൂളിങ് ക്ലാസ് ധരിച്ചിരുന്നില്ല. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴും മറ്റും വിക്കറ്റ് കീപ്പര്‍ അല്ലെങ്കില്‍ ടീം അംഗങ്ങള്‍ എനിക്ക് കണ്ണട തരും. ഞാനത് തൊപ്പിയ്ക്ക് മുകളില്‍ വയ്ക്കും. കണ്ണട വയ്ക്കാനുള്ള അനുവാദം സാറെനിക്ക് തന്നിരുന്നില്ല. എന്നാല്‍, ഇരട്ട ശതകം നേടിയതിന് പിന്നാലെ എനിക്ക് ആ അനുവാദവും ലഭിച്ചു, യശസ്വി പറയുന്നു. 

ക്രിക്കറ്റ് കളിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പതിനൊന്നുകാരന്‍ ഉത്തര്‍പ്രദേശിലെ ഭദോനിയില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറി. താമസിക്കാന്‍ ഇടം കണ്ടെത്തുകയായിരുന്നു ഏറ്റവും പ്രയാസം. കല്‍ഭാദേവി എന്ന സ്ഥലത്ത് ഡയറിയിലാണ് ഞാന്‍ ആദ്യം ഉറങ്ങിയിരുന്നത്. അവര്‍ക്ക് വേണ്ട ജോലികള്‍ എനിക്ക് ചെയ്യാനാവാതെ വന്നതോടെ അവിടം വിടാന്‍ അവര്‍ ആവശ്യപ്പെട്ടു. 

ബന്ധുവിന്റെ വീട്ടില്‍ കുറച്ച് ദിവസം തങ്ങി. അധികം പേര്‍ക്ക് കഴിയാനുള്ള ഇടമില്ലാതിരുന്നതിനാല്‍ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. എന്നാല്‍ മുംസ്ലീം യുനൈറ്റഡ് ക്ലബിലേക്ക് യശസ്വിയെ എത്തിക്കാനുള്ള മനസ് ഈ ബന്ധു കാണിച്ചു. മുംസ്ലീം യുനൈറ്റഡിന്റെ കുടിലിലാണ് പിന്നെയുള്ള മൂന്ന് വര്‍ഷം യശസ്വി കഴിഞ്ഞത്. 

നരക തുല്യമായിരുന്നു ആ കുടിലിലെ വാസമെന്ന് യശസ്വി പറയുന്നു. താമസിക്കാന്‍ അത്രയെങ്കിലും ലഭിച്ചു കഴിഞ്ഞപ്പോള്‍ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തുമെന്നായി അടുത്ത ആശങ്ക. അങ്ങനെ രാം ലീലയില്‍ പാനി പൂരി വില്‍പ്പന ആരംഭിച്ചു. ആരും ആവശ്യപ്പെട്ടില്ലെങ്കിലും ബോള്‍ ബോയി ആയി. 

2013 ഡിസംബറിലാണ് യശസ്വിയുടെ ജീവിതം മാറ്റി മറിക്കാന്‍ കാരണമായ സംഭവം നടക്കുന്നത്. യശസ്വിയുടെ കളി മുംബൈ ജൂനിയര്‍ ടീമിന്റെ മുന്‍ പരിശീലകനായ ജ്വാല സിങ്ങിന് ഇഷ്ടപ്പെട്ടു. മുംബൈയിലെ ആസാദ് മൈതാനത്ത് എ ഡിവിഷന്‍ ഫാസ്റ്റ് ബൗളറെ പറപ്പിച്ചാണ് ജ്വാല സിങ്ങിന്റെ കണ്ണിലേക്ക് യശസ്വി എത്തപ്പെടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ജ്വാലയ്‌ക്കൊപ്പമാണ് യശസ്വി തങ്ങുന്നത്. കുടുംബാംഗത്തെ പോല.

താമസിക്കാന്‍ സ്വസ്ഥമായ ഇടവും, നിറഞ്ഞ വയറും യശ്വസിയുടെ കളിയേയും മാറ്റി മറിച്ചു. ജ്വാലയ്‌ക്കൊപ്പമുള്ള ആദ്യ 15 ദിവസത്തെ പരിശീലനം. പിന്നാലെ ഗില്‍സ് ഷീല്‍ഡ് മാച്ചില്‍ അടിച്ചെടുത്തത് 319 റണ്‍സും 12 വിക്കറ്റും. പിന്നാലെ ഇരട്ട ശതകവും 12 വിക്കറ്റും. അവിടെ യശ്വസിയെ തേടി ആദ്യ സമ്മാനമെത്തി...ഹെല്‍മറ്റ്. 

സ്‌കൂള്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ കളിക്ക് പിന്നാലെ മുംബൈയുടെ ജൂനിയര്‍ ടീമിലേക്ക്. പിന്നാലെ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും. ആദ്യ രണ്ട് കളിയില്‍ പരാജയം. മൂന്നാമത്തേതില്‍ സെഞ്ചുറി. ലങ്കന്‍ ടൂറിന് പിന്നാലെ ഏഷ്യാ കപ്പ്. അവിടെ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് യശസ്വി. പിന്നെ യശസ്വിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ജൂനിയര്‍ ക്രിക്കറ്റും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ഒരേ സീസണില്‍ കളിക്കുന്ന താരമെന്ന നേട്ടവും. 

ലിസ്റ്റ് എയിലെ തന്റെ ആദ്യ സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ മൂന്നിലും യശസ്വി സെഞ്ചുറി നേടി. ഇരട്ട ശതകം നേടിയ ഇന്നിങ്‌സില്‍ യശസ്വി പറത്തിയതാവട്ടെ വരുണ്‍ അരോണ്‍ നേതൃത്വം നല്‍കിയ പേസ് ആക്രമണത്തെ. 12 സിക്‌സും 17 ഫോറുമാണ് യശസ്വിയില്‍ നിന്ന് വന്നത്. പന്ത് കണ്ടു, അടിച്ചു പറത്തി എന്നാണ് ആ ഇന്നിങ്‌സിനെ കുറിച്ച് യശസ്വിക്ക് പറയാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com