മൂന്നാം ടെസ്റ്റ് കാണാന്‍ റാഞ്ചിയിലേക്ക് പറക്കില്ല; ഗാംഗുലി വരുന്നത് കേരളത്തിലേക്ക്‌

കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലേക്കാവും പോവുകയെന്നും ഗാംഗുലി പറഞ്ഞു
മൂന്നാം ടെസ്റ്റ് കാണാന്‍ റാഞ്ചിയിലേക്ക് പറക്കില്ല; ഗാംഗുലി വരുന്നത് കേരളത്തിലേക്ക്‌

കൊല്‍ക്കത്ത: ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റ് കാണാന്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉണ്ടാവില്ല. പകരം  താരമെത്തുക കേരളത്തിലേക്ക്. ഐഎസ്എല്ലിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് ഗാംഗുലി കേരളത്തിലേക്ക് എത്തുന്നത്. 

കൊച്ചിയില്‍ ഐഎസ്എല്ലിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ റാഞ്ചി ടെസ്റ്റ് കാണാന്‍ പോവാനാവില്ലെന്ന് ഗാംഗുലി പറഞ്ഞു. ഈ സീസണില്‍ ഐഎസ്എല്ലിന്റെ മുഖമാണ് ഞാന്‍. അവര്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലേക്കാവും പോവുകയെന്നും ഗാംഗുലി പറഞ്ഞു. 

23ന് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും. ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ സ്ഥാനം ഗാംഗുലി ഒഴിയും. എന്നാല്‍ ബംഗാളി ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദാദാ ഗിരിയിലും പരസ്യങ്ങളിലും തുടര്‍ന്നും അഭിനയിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. 

കമന്ററി, കോളമെഴുത്തി, ഐപിഎല്‍ ഷോ എന്നിവയില്‍ ഇനി താനുണ്ടാവില്ല. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം. ചുമതലയേല്‍ക്കുന്ന ആദ്യ ആഴ്ചയില്‍ തന്നെ വിവിധ കമ്മിറ്റികളുടേയും അപെക്‌സ് കൗണ്‍സിലിന്റേയും യോഗം വിളിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു. ബിസിസിഐ തലവനാവുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍ ടീമായ എടികെയുമായുള്ള ബന്ധം തുടരുന്ന കാര്യത്തില്‍ അവരുമായി സംസാരിച്ച് ഉടനെ തീരുമാനം എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com