റെക്കോഡുകള്‍ തകര്‍ത്ത് ഹിറ്റ്മാന്റെ കുതിപ്പ് ; ടെസ്റ്റില്‍ സിക്‌സറുകളുടെ തമ്പുരാന്‍ ; പരമ്പരയില്‍ മൂന്നാം സെഞ്ച്വറി

സെഞ്ച്വറിക്കൊപ്പം ഏതാനും റെക്കോഡുകളും രോഹിത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചു
റെക്കോഡുകള്‍ തകര്‍ത്ത് ഹിറ്റ്മാന്റെ കുതിപ്പ് ; ടെസ്റ്റില്‍ സിക്‌സറുകളുടെ തമ്പുരാന്‍ ; പരമ്പരയില്‍ മൂന്നാം സെഞ്ച്വറി

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറിക്കുതിപ്പ് തുടര്‍ന്ന് രോഹിത് ശര്‍മ്മ. 130 പന്തില്‍ നിന്നാണ് രോഹിത് പരമ്പരയിലെ മൂന്നാം സെഞ്ച്വറി നേടിയത്. ഓഫ് സ്പിന്നര്‍ ഡെയ്ന്‍ പിഡിറ്റിനെ കൂറ്റന്‍ സിക്‌സറിന് പറത്തിയാണ് രോഹിത് കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. 13 ബൗണ്ടറികളും നാല് സിക്‌സറുകളും രോഹിതിന്റെ സെഞ്ച്വറിക്ക് അഴകേകി. 

സെഞ്ച്വറിക്കൊപ്പം ഏതാനും റെക്കോഡുകളും രോഹിത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചു. സുനില്‍ ഗവാസ്‌കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണറാണ് രോഹിത് ശര്‍മ്മ. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ സിക്‌സറുകളുടെ ലോകറെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ റെക്കോഡാണ് രോഹിത് തിരുത്തിയത്. ബംഗ്ലാദേശിനെതിരെ 2018 ല്‍ നേടിയ 15 സിക്‌സറുകളെന്ന ഹെറ്റ്‌മെയറുടെ റെക്കോഡാണ് രോഹിതിന് മുന്നില്‍ വഴിമാറിയത്. ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡും രോഹിത് മറികടന്നു. 

2010 ല്‍ ന്യൂസിലന്‍ഡിനെതിരെ ഹര്‍ഭജന്‍ നേടിയ 14 സിക്‌സറുകളായിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ്. ആ പരമ്പരയില്‍ ഹര്‍ഭജന്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയ രോഹിത് ശര്‍മ്മ, ടെസ്റ്റില്‍ 2000 റണ്‍സും നേടി. റാഞ്ചിയില്‍ ടോസ് നേടി ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റബാദ രണ്ടും നോര്‍ജെ ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com