ഷൂട്ടൗട്ട് ഹീറോ നയിക്കും, സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

2018ല്‍ കേരളത്തെ കിരീടത്തിലേക്ക് എത്തിച്ചത് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ മിഥുന്റെ മികവായിരുന്നു
ഷൂട്ടൗട്ട് ഹീറോ നയിക്കും, സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ വി മിഥുന്‍ കേരളത്തെ നയിക്കും. മധ്യനിര താരം ജിജോയാണ് ഉപനായകന്‍. മിഥുനൊപ്പം അണ്ടര്‍ 21 താരം സച്ചിന്‍ സുരേഷാണ് ഗോള്‍ വല കാക്കാന്‍ എത്തുന്നത്. 2018ല്‍ കേരളത്തെ കിരീടത്തിലേക്ക് എത്തിച്ചത് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ മിഥുന്റെ മികവായിരുന്നു. 

പ്രതിരോധ നിരയില്‍ ജിഷ്ണു, വിപിന്‍, സഞ്ജു, അമ്പാടി, അണ്ടര്‍ 21 താരം അലക്‌സ്, അജിന്‍ ടോം എന്നിവര്‍ കോട്ട തീര്‍ക്കും. മധ്യനിരയില്‍ അഖില്‍, ജിജോ, ഹൃഷി, ജിതിന്‍, റിഷാദ്, ലിയോണ്‍, താഹിര്‍ സമന്‍, അണ്ടര്‍ 21 താരങ്ങളായ എമില്‍, റോഷന്‍ എന്നിവര്‍ കളി മെനയും. 

മൗസഫ്, അണ്ടര്‍ 21 താരം വിഷ്ണു, ഷിഹാദ് എന്നിവരാണ് കേരളത്തിന്റെ ആക്രമണത്തിന് മുന്‍പില്‍ നില്‍ക്കുക. 60 പേരില്‍ നിന്നാണ് 20 അംഗ ടീമിനെ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 5 മുതല്‍ 10 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ടീമുകളാണ് കേരളത്തിനൊപ്പമുള്ളത.് ഗ്രൂപ്പ് ബിയില്‍ തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകള്‍. കഴിഞ്ഞ തവണ കേരളത്തിന് യേഗ്യത നേടാനായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com