ആരാകും ഇത്തവണ ഫിഫ ദി ബെസ്റ്റ്? അന്തിമ പട്ടിക പുറത്തിറക്കി; പുരസ്‌കാരത്തിനായി ഇവര്‍ 

കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ഫൈനല്‍ പട്ടിക ഇപ്പോള്‍ ഫിഫ പുറത്തിറക്കി
ആരാകും ഇത്തവണ ഫിഫ ദി ബെസ്റ്റ്? അന്തിമ പട്ടിക പുറത്തിറക്കി; പുരസ്‌കാരത്തിനായി ഇവര്‍ 

സൂറിച്ച്: യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ അവസാന മൂന്നില്‍ ഇടം നേടിയത് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സലോണയുടെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി, ലിവര്‍പൂളിന്റെ ഡച്ച് താരം വിര്‍ജില്‍ വാന്‍ഡെയ്ക് എന്നിവരായിരുന്നു. വാന്‍ഡെയ്ക് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ഫൈനല്‍ പട്ടിക ഇപ്പോള്‍ ഫിഫ പുറത്തിറക്കി. റൊണാള്‍ഡോ, മെസി, വാന്‍ഡെയ്ക് എന്നിവര്‍ തന്നെയാണ് ഫിഫ അവാര്‍ഡിനുള്ള അന്തിമ പട്ടികയിലും ഇടം കണ്ടത്. 

ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കിയാണ് മികച്ച മൂന്ന് താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് ഫിഫ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.

മികച്ച പുരുഷ ടീം പരിശീലകരുടെ അന്തിമ പട്ടികയില്‍ പെപ് ഗെര്‍ഡിയോള, യുര്‍ഗന്‍ ക്ലോപ്, മൗറീഷിയോ പൊചെറ്റിനോ എന്നിവരാണ് ഇടം പിടിച്ചത്. മൂവരും പ്രീമിയര്‍ ലീഗ് ടീമുകളുടെ പരിശീലകരാണെന്ന പ്രത്യേകതയുമുണ്ട്. 

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി, യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ, ഡാനിയല്‍ സോരി എന്നിവരാണുള്ളത്. മികച്ച വനിതാ താരങ്ങളുടെ അന്തിമ പട്ടികയില്‍ ലസി ബ്രോണ്‍സ്, അലക്‌സ് മോര്‍ഗന്‍, മെഗന്‍ റപിനോ എന്നിവരാണ് ഇടം പിടിച്ചത്. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ പട്ടികയിലുള്ളത് അലിസണ്‍, എഡേഴ്‌സന്‍, ആന്ദ്രെ ടെര്‍ സ്റ്റിഗന്‍ എന്നിവരാണുള്ളത്. 

കഴിഞ്ഞ സീസണില്‍ യുവന്റസിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗ് കിരീടവും പോര്‍ച്ചുഗലിനൊപ്പം നാഷണ്‍സ് ലീഗ് കിരീടവും നേടിയിരുന്നു. യൂറോപിലെ ടോപ്പ് സ്‌കോറര്‍ മെസിയായിരുന്നു. ബാഴ്‌സലോണക്ക് ഒപ്പം ലാലിഗ കിരീടവും മെസി നേടി. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയാണ് വാന്‍ ഡെയ്ക് അവസാന മൂന്നില്‍ എത്തിയത്. പ്രതിരോധത്തില്‍ പുറത്തെടുത്ത അസാമാന്യ പ്രകടനങ്ങളാണ് ഡച്ച് താരത്തിന് ഇത്തവണയും തുണയായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com