എട്ട് ദിവസം മുന്‍പേ തയ്ബു ജനിച്ചു! ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി റാഷിദ് ഖാന്‍

ബംഗ്ലാദേശിനെതിരെ ഇന്ന് നായകനായി ഇറങ്ങുമ്പോള്‍ 20 വര്‍ഷവും 350 ദിവസവുമാണ് റാഷിദിന്റെ പ്രായം
എട്ട് ദിവസം മുന്‍പേ തയ്ബു ജനിച്ചു! ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി റാഷിദ് ഖാന്‍

ചിറ്റഗോങ്‌: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി റാഷിദ് ഖാന്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടോസിന് ഇറങ്ങിയതോടെയാണ് റാഷിദിനെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തിയത്. 

ബംഗ്ലാദേശിനെതിരെ ഇന്ന് നായകനായി ഇറങ്ങുമ്പോള്‍ 20 വര്‍ഷവും 350 ദിവസവുമാണ് റാഷിദിന്റെ പ്രായം. സിംബാബ്വെ താരം തതേന്ദ തയ്ബുവിന്റെ പേരിലായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് 2004 മുതല്‍ ഇതുവരെ. എന്നാല്‍ തയ്ബുവിനേക്കാള്‍ എട്ട് ദിവസത്തെ പ്രായ വ്യത്യാസത്തില്‍ റാഷിദ് നേട്ടം തന്റെ പേരിലാക്കി. 

2004 മെയ് ആറിന്, തന്റെ 21ാം ജന്മദിനത്തിന് ഏഴ് ദിവസം മാത്രമുള്ളപ്പോഴാണ് തയ്ബു ശ്രീലങ്കയ്‌ക്കെതിരെ സിംബാബ്വെയെ നയിച്ച് ഇറങ്ങിയത്. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. 21 വര്‍ഷവും 77 ദിവസവും പ്രായമുള്ളപ്പോഴാണ് മന്‍സൂര്‍ അലി വിന്‍ഡിസിനെതിരെ ഇന്ത്യയെ നയിച്ചിറങ്ങിയത്. 1962 മാര്‍ച്ച് 23നായിരുന്നു അത്. 

ആദ്യമായി നായകനായി ഇറങ്ങിയപ്പോള്‍ ടോസും റാഷിദിന് ഒപ്പം നിന്നു. ടോസ് ജയിച്ച റാഷിദ് ബാറ്റിങ് തെരഞ്ഞെടുത്തു. കളി രണ്ടാം സെഷനിലേക്ക് കടക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് 40 ഓവര്‍ പിന്നിടുമ്പോള്‍ അഫ്ഗാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com