ഛേത്രിയുടെ ഗോളില്‍ മുന്നില്‍; അവസാന നിമിഷം രണ്ട് ഗോള്‍ വഴങ്ങി; ഒമാനെതിരെ പൊരുതി വീണ് ഇന്ത്യ

ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ പൊരുതി വീണു
ഛേത്രിയുടെ ഗോളില്‍ മുന്നില്‍; അവസാന നിമിഷം രണ്ട് ഗോള്‍ വഴങ്ങി; ഒമാനെതിരെ പൊരുതി വീണ് ഇന്ത്യ

ഗുവാഹത്തി: 2022ലെ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ പൊരുതി വീണു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടി പ്രതീക്ഷ ജനിപ്പിച്ച ഇന്ത്യയെ രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഒമാന്‍ പരാജയപ്പെടുത്തുകയായിരുന്നു. 

ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളില്‍ ഇന്ത്യ ആദ്യ പകുതിയില്‍ തന്നെ ലീഡ് സ്വന്തമാക്കി. ഛേത്രിക്കൊപ്പം മലയാളി താരം ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ് എന്നിവരും മുന്നേറ്റത്തില്‍ കളിച്ചു. ഇന്ത്യ ആദ്യ പകുതിയില്‍ ഉടനീളം ഒമാനെ വിറപ്പിച്ചു. 

കളിയുടെ 15ാം മിനുട്ടില്‍ ഇന്ത്യക്ക് മുന്നില്‍ എത്താനുള്ള സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. സുനില്‍ ഛേത്രിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഉദാന്തയുടെ ഷോട്ട് ഗോള്‍കീപ്പറെ പരാജയപ്പെടുത്തിയെങ്കിലും ബാറില്‍ തട്ടി മടങ്ങി. രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ഒരു കോര്‍ണറില്‍ നിന്ന് ജിങ്കനും ഒരു മികച്ച അവസരം ലഭിച്ചു. പക്ഷെ ജിങ്കന്റെ ഹെഡ്ഡര്‍ ലക്ഷ്യം കണ്ടില്ല. 

24ാം മിനുട്ടിലാണ് ഇന്ത്യ ലീഡെടുത്തത്. ബ്രാന്റണെടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഛേത്രിയുടെ ഗോള്‍. ഛേത്രി നടത്തിയ റണ്‍ മനസ്സിലാക്കി ബ്രാന്റണ്‍ നല്‍കിയ അളന്നു മുറിച്ചുള്ള പാസാണ് ഗോളായി മാറിയത്. ഛേത്രിയുടെ ഫസ്റ്റ് ടൈം ഷോട്ട് തടയാന്‍ ആര്‍ക്കും ആയില്ല. അതിനിടെ 43ാം മിനുട്ടില്‍ ഗോളെന്ന് ഉറച്ച അവസരം ഒമാന്‍ സൃഷ്ടിച്ചെങ്കിലും ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷകനായി.

രണ്ടാം പകുതി തുടങ്ങി 82, 90 മിനുട്ടുകളില്‍ ഗോളുകള്‍ തിരിച്ചടിച്ചാണ് ഒമാന്‍ വിജയം പിടിച്ചത്. അവസാന ഘട്ടം വരെ ഒമാനെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. 87ാം മിനുട്ടില്‍ ഇന്ത്യക്ക് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് വിജയിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com