ധാര്‍മികതയെ ചൂണ്ടി ഇനി ചോദ്യം വേണ്ട, അമ്പയര്‍ ഔട്ട് വിളിച്ചില്ല, എന്നിട്ടും ക്രീസ് വിട്ട് സ്‌റ്റോക്ക്‌സ്‌

ലോകകപ്പില്‍ തന്റെ നേര്‍ക്ക് ധാര്‍മികതയെ ചൊല്ലി ഉയര്‍ന്നത് പോലെയൊരു ചോദ്യം ഇത്തവണ ഉണ്ടാവരുത് എന്നുറപ്പിച്ച് മടങ്ങുകയായിരുന്നു സ്‌റ്റോക്ക്‌സ്
ധാര്‍മികതയെ ചൂണ്ടി ഇനി ചോദ്യം വേണ്ട, അമ്പയര്‍ ഔട്ട് വിളിച്ചില്ല, എന്നിട്ടും ക്രീസ് വിട്ട് സ്‌റ്റോക്ക്‌സ്‌

മാഞ്ചസ്റ്റര്‍: ലോകകപ്പ് കിരീടം ചൂടി ആകാശം തൊട്ട ഇംഗ്ലണ്ടിനെ തിരിച്ച് ഭൂമിയിലേക്കിറക്കുകയാണ് ഓസ്‌ട്രേലിയ. നാലാം ടെസ്റ്റില്‍ 168 റണ്‍സിന്റെ ജയം പിടിച്ച് 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ വെച്ച് ഓസീസ് ആഷസ് നിലനിര്‍ത്തി. മാഞ്ചസ്റ്ററില്‍ ഒരു ദിവസം അതിജീവിക്കാനാവാതെ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര ഡ്രസിങ് റൂമിലേക്ക് ഒന്നിനു പിറകെ ഒന്നായി ക്രീസില്‍ നിന്ന് മടങ്ങുമ്പോഴും ആരാധകരുടെ പ്രതീക്ഷ ബെന്‍ സ്റ്റോക്ക്‌സിലായിരുന്നു. പക്ഷേ ലോകകപ്പില്‍ തന്റെ നേര്‍ക്ക് ധാര്‍മികതയെ ചൊല്ലി ഉയര്‍ന്നത് പോലെയൊരു ചോദ്യം ഇത്തവണ ഉണ്ടാവരുത് എന്നുറപ്പിച്ച് മടങ്ങുകയായിരുന്നു സ്‌റ്റോക്ക്‌സ്. 

ലീഡ്‌സില്‍ പിറന്നത് പോലൊരു ഇന്നിങ്‌സാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്‌റ്റോക്ക്‌സില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ, പൊരുതാന്‍ പോലും നില്‍ക്കാതെ സ്‌റ്റോക്ക്‌സ് മടങ്ങി. അതും അമ്പയര്‍ ഔട്ട് വിളിക്കാതെ തന്നെ. കമിന്‍സിന്റെ ഡെലിവറിയില്‍ ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ച സ്‌റ്റോക്ക്‌സ് പൊടുന്നനെ ചിന്ത മാറ്റി പന്ത് ലീവ് ചെയ്യാന്‍ ശ്രമച്ചു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. എഡ്ജ് ചെയ്ത പന്ത് പെയ്‌നിന്റെ കൈകളിലേക്ക്...

ക്യാച്ച് എടുത്ത് പെയ്‌നും, കമിന്‍സും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. പക്ഷേ സ്റ്റോക്ക്‌സ് അപ്പോഴേക്കും ക്രീസില്‍ നിന്ന് ഡ്രസിങ് റൂമിലേക്ക് നടത്തം ആരംഭിച്ചിരുന്നു. സ്‌റ്റോക്ക്‌സ് മടങ്ങിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് പിന്നെ കരകയറിയില്ല. 

17 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം എടുത്താണ് സ്റ്റോക്ക്‌സ് മടങ്ങിയത്. ലോകകപ്പ് ഫൈനലിലും, ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ജയം അസാധ്യമാണെന്ന് തോന്നിച്ചിടത്ത് നിന്നാണ് സ്‌റ്റോക്ക്‌സ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് ലഭിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ക്രിക്കറ്റിലെ ധാര്‍മികതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. 

ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിനോട് അന്ന് സ്‌റ്റോക്ക്‌സ് മാപ്പ് ചോദിക്കുകയും ചെയ്തു. ആഷസിലെ നാലാം ടെസ്റ്റില്‍ അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നതിന്റെ ആനുകൂല്യത്തില്‍ സ്റ്റോക്ക്‌സ് ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇംഗ്ലണ്ടിന് സമനില പിടിക്കാനായേനെ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com