'2009 ഓര്‍മയുള്ളത് കൊണ്ടാണ് അവര്‍ പിന്മാറിയത്, അല്ലാതെ ഇന്ത്യ ഭീഷണിപ്പെടുത്തിയതല്ല'; പാക് മന്ത്രിക്ക് ലങ്കയുടെ മറുപടി

10 ലങ്കന്‍ താരങ്ങളാണ് ശ്രീലങ്കയുടെ പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത്
'2009 ഓര്‍മയുള്ളത് കൊണ്ടാണ് അവര്‍ പിന്മാറിയത്, അല്ലാതെ ഇന്ത്യ ഭീഷണിപ്പെടുത്തിയതല്ല'; പാക് മന്ത്രിക്ക് ലങ്കയുടെ മറുപടി

ന്യൂഡല്‍ഹി: ലങ്കന്‍ താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഇന്ത്യയുടെ ഭീഷണിയാണെന്ന പാകിസ്ഥാന്‍ മന്ത്രിയുടെ പ്രതികരണം കള്ളി ശ്രീലങ്ക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശ്രീലങ്കന്‍ കളിക്കാര്‍ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതെന്നും, ഐപിഎല്ലിന് പങ്കില്ലെന്നും ശ്രീലങ്കന്‍ മന്ത്രി ഹരിന്‍ ഫെര്‍നാന്‍ഡോ പറഞ്ഞു. 

ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് പറഞ്ഞ് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ലങ്കന്‍ താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത് എന്ന് പാക് മന്ത്രി ഫവദ് ഹുസെയ്ന്‍ ചൗധരി ആരോപിച്ചിരുന്നു. 10 ലങ്കന്‍ താരങ്ങളാണ് ശ്രീലങ്കയുടെ പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍, 2009ലെ സംഭവത്തിന്റെ ഓര്‍മയിലാണ് ലങ്കന്‍ കളിക്കാര്‍ പിന്മാറിയത് എന്ന് ലങ്കന്‍ കായിക മന്ത്രി പാകിസ്ഥാന് മറുപടി നല്‍കി.

പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ, ലങ്കന്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തയില്‍ സത്യമില്ല. 2009ലെ സംഭവം മുന്‍ നിര്‍ത്തി തന്നെയാണ് അവര്‍ പിന്മാറിയത്. അവരുടെ തീരുമാനത്തെ ബഹുമാനിച്ച് പാകിസ്ഥാനിലേക്ക് പോവാന്‍ സന്നദ്ധത അറിയിച്ച ടീമിനെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ശക്തമായ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്ഥാനെ പാക് മണ്ണില്‍ തോല്‍പ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലങ്കന്‍ കായിക മന്ത്രി പറഞ്ഞു. 

ലസിത് മലിംഗയും ദിമുത് കരുണരത്‌നയും ഉള്‍പ്പെടെ 10 കളിക്കാര്‍ പിന്മാറിയെങ്കിലും പാക് പര്യടനവുമായി ശ്രീലങ്ക മുന്നോട്ടു പോവുകയാണ്. ഈ 10 കളിക്കാരെ മാറ്റി നിര്‍ത്തി ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com