കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് യുഎഇയില്‍ നിന്ന് മടങ്ങി

യുഎഇയില്‍ നാല് സന്നാഹ മത്സരങ്ങളാണ് പ്രീ സീസണിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് കളിക്കാനിരുന്നത്
കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് യുഎഇയില്‍ നിന്ന് മടങ്ങി

കൊച്ചി: പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ നിന്ന് മടങ്ങി. സ്‌പോണ്‍സര്‍മാരായ മിച്ചി സ്‌പോര്‍ട്‌സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 

യുഎഇയില്‍ നാല് സന്നാഹ മത്സരങ്ങളാണ് പ്രീ സീസണിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് കളിക്കാനിരുന്നത്. എന്നാലിതില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ ടീമിന് ഒരുക്കി നല്‍കിയില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നു. 

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്കറ്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ മിച്ചി സ്‌പോര്‍ട്‌സാണ് ചെയ്തിരുന്നത്. സെപ്തംബര്‍ ആറിന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ദിബ അല്‍ ഫുജൈറ ക്ലബിനോട് സമനില വഴങ്ങിയിരുന്നു. 

തിരികെ കൊച്ചിയിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ആരാധകരുടെ വക സ്വീകരണമുണ്ടായി. കൊച്ചിയില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. പുതിയ പരിശീലകനും, ടീമിലേക്കെത്തിയ പുതിയ താരങ്ങള്‍ക്കും ഇണങ്ങുന്നതിന് പ്രീ സീസണ്‍ മത്സരങ്ങള്‍ സഹായകരമാവും.

ഒക്ടോബര്‍ 27ന് ബ്ലാസ്‌റ്റേഴ്‌സ് എടികെയെ നേരിടുന്നതോടെ ആറാം ഐഎസ്എല്‍ സീസണിന് ആരവം ഉയരും. പുതിയ സീസണില്‍ ഏറ്റവും കൂടുതല്‍ പുതിയ താരങ്ങളെ ടീമിലേക്കെത്തിച്ചത് ബ്ലാസ്റ്റേഴ്‌സ് ആണ്. കഴിഞ്ഞ സീസണിലെ നിരാശയ്ക്ക് പുതിയ പരിശീലകനും, പുതിയ കളിക്കാരും വഴി മറുപടി നല്‍കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com