106 റണ്‍സ് പ്രതിരോധിച്ച തകര്‍പ്പന്‍ ത്രില്ലര്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്‌

ജയത്തിലേക്ക് ഒരു ഷോട്ട് അകലെ ബംഗ്ലാദേശ് നില്‍ക്കുമ്പോള്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി നായകന്‍ ഇന്ത്യയുടെ ഹീറോയായി
106 റണ്‍സ് പ്രതിരോധിച്ച തകര്‍പ്പന്‍ ത്രില്ലര്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്‌

കൊളംബോ: ജയത്തിലേക്ക് ഒരുഷോട്ട് മാത്രം അകലെ ബംഗ്ലാദേശ്, പക്ഷേ ഇന്ത്യന്‍ നായകന്‍ അവിടെ ഉശിര് കാട്ടിയപ്പോള്‍ ഒരു ഓവറില്‍ വീണത് രണ്ട് വിക്കറ്റ്...ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടവും. തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് നിലനിര്‍ത്തി ഇന്ത്യ. 106 എന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെതിരെ അഞ്ച് റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്.

അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ എട്ടാം എഡിഷനിലേക്ക് കടക്കുമ്പോള്‍ ഇത് ഏഴാം വട്ടമാണ് ഇന്ത്യ കിരീടം ചൂടുന്നത്. കൊളംബോയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33ാം ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടായി. 37 റണ്‍സെടുത്ത കരണായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് കളിക്കാരാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കാണാതെ പുറത്തായത്. എന്നാല്‍ ചെയ്‌സിങ്ങിലേക്ക് എത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയെ തച്ചു തകര്‍ക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞു. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയില്‍ വീണ ബംഗ്ലാദേശ് വിജയ ലക്ഷ്യത്തിലേക്കെത്താന്‍ ശ്രമം നടത്തിയെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ നായകന്‍ അന്‍കോലേക്കര്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ജയത്തിലേക്ക് ഒരു ഷോട്ട് അകലെ ബംഗ്ലാദേശ് നില്‍ക്കുമ്പോള്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി നായകന്‍ ഇന്ത്യയുടെ ഹീറോയായി. എട്ട് ഓവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അന്‍കോലേക്കറിന് 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ് മികച്ച പിന്തുണ നല്‍കി. 

തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ലങ്കയ്‌ക്കെതരായ സെമി ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com