'ഓപ്പണറാക്കി നശിപ്പിക്കരുത്' ; രോഹിതിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള നീക്കത്തിനെതിരെ മോംഗിയ 

ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മനോഭാവമാണ് വേണ്ടത്
'ഓപ്പണറാക്കി നശിപ്പിക്കരുത്' ; രോഹിതിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള നീക്കത്തിനെതിരെ മോംഗിയ 

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയെ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി പരീക്ഷിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ രംഗത്തെത്തി. ഓപ്പണര്‍ ലോകേഷ് രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍, രോഹിതിനെ ടെസ്റ്റിലും ഓപ്പണറായി പരിഗണിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് സൂചിപ്പിച്ചിരുന്നു. പ്രസാദിന്റെ പ്രസ്താവനയെ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടക്കമുള്ള മുന്‍ താരങ്ങള്‍ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടെയാണ് വിയോജിപ്പുമായി മോംഗിയ എത്തിയത്.

'വിക്കറ്റ് കീപ്പിങ് പോലെ സ്‌പെഷലൈസ്ഡ് സ്വഭാവമുള്ള ജോലിയാണ് ഓപ്പണറുടേതും. പരിമിത ഓവര്‍ മല്‍സരങ്ങളില്‍ രോഹിത് നമ്മുടെ സ്ഥിരം ഓപ്പണറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മനോഭാവമാണ് വേണ്ടത്. അല്ലെങ്കില്‍ ഏകദിന, ട്വന്റി 20 മല്‍സരങ്ങളിലേതു പോലെ ഏതു പന്തും അടിച്ചകറ്റാന്‍ ശ്രമിക്കണം. ടെസ്റ്റ് ക്രിക്കറ്റിന്റെ രീതികള്‍ക്കനുസരിച്ച് രോഹിത് സ്വന്തം ശൈലി മാറ്റുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം തന്റെ സ്വാഭാവികമായ കളിയോടു നീതി പുലര്‍ത്തട്ടെ. ശൈലി മാറ്റാന്‍ ശ്രമിച്ചാല്‍ ഏകദിന, ട്വന്റി20 മല്‍സരങ്ങളിലെ അദ്ദേഹത്തിന്റെ മികവിനെയും അതു ദോഷകരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്' - മോംഗിയ അഭിപ്രായപ്പെട്ടു. 

ഏകദിന, ട്വന്റി20 ടീമുകളില്‍ സ്ഥിരം സാന്നിധ്യമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും സമ്പൂര്‍ണ മികവു പുറത്തെടുക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. 27 മല്‍സരങ്ങള്‍ മാത്രം നീളുന്ന ടെസ്റ്റ് കരിയറില്‍ മൂന്നു സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും സഹിതം 39.62 റണ്‍സ് ശരാശരിയില്‍ 1585 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍നിന്ന് രാഹുലിനെ ഒഴിവാക്കിയ സെലക്ടര്‍മാര്‍, യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് പകരം ഉള്‍പ്പെടുത്തിയത്. മധ്യനിരയില്‍ നിലവില്‍ സാധ്യത ഇല്ലാത്ത പശ്ചാത്തലത്തില്‍ രോഹിത് ശര്‍മ്മ, ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണറുടെ റോളില്‍ മൈതാനത്ത് ഇറങ്ങാനാണ് സാധ്യത. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com