മെസിയുടെ വോട്ട് റൊണാള്‍ഡോയ്ക്ക്; റൊണാള്‍ഡോയുടെ വോട്ടോ? 

കരിയറില്‍ ആറാം തവണയാണ് മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്
മെസിയുടെ വോട്ട് റൊണാള്‍ഡോയ്ക്ക്; റൊണാള്‍ഡോയുടെ വോട്ടോ? 

മിലാന്‍: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനയുടെ ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കി. കരിയറില്‍ ആറാം തവണയാണ് മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. പുരസ്‌കാരത്തിനുള്ള അവസാന മൂന്നില്‍ മെസിക്കൊപ്പം ഇടം പിടിച്ചത് ഹോളണ്ടിന്റെ ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡെയ്ക്, പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരായിരുന്നു. 

വോട്ടെടുപ്പിലൂടെയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം നല്‍കുന്നത്. ദേശീയ ടീം നായകന്‍മാര്‍ക്കും പരിശീലകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള അവസരം.

പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വോട്ടിങ്ങ് കാര്യങ്ങളും പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. പുരസ്‌കാര ജേതാവായ ലയണല്‍ മെസി മികച്ച മൂന്ന് താരങ്ങളായി വോട്ട് ചെയ്തത് സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ജോങ് എന്നിവരെയാണ്.

എന്നാല്‍ മെസി റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്‌തെങ്കില്‍ തിരിച്ച് റൊണാള്‍ഡോ മികച്ച മൂന്ന് താരങ്ങളെ വോട്ട് ചെയ്തതില്‍ മെസി ഇല്ല. റൊണാള്‍ഡോയുടെ വോട്ട് യുവന്റസിലെ സഹ താരമായ മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എംബാപ്പെ എന്നിവര്‍ക്കാണ്. വാന്‍ ഡെയ്ക്കാകട്ടെ മെസി, ലിവര്‍പൂളിലെ സഹ താരങ്ങളായ മുഹമ്മദ് സല, മാനെ എന്നിവര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നത്.

46 പോയിന്റുകള്‍ നേടിയാണ് മെസി ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വാന്‍ ഡെയ്ക്കാണ്. താരത്തിന് 38 പോയിന്റുകള്‍. റൊണാള്‍ഡോ മൂന്നാം സ്ഥാനത്ത്. 36 പോയിന്റുകളാണ് പോര്‍ച്ചുഗല്‍ നായകന് ലഭിച്ചത്. 

മെസിയുടെ വോട്ടില്‍ ആദ്യ സ്ഥാനത്ത് സാദിയോ മാനെയാണ്. ബെല്‍ജിയം നായകനും റയല്‍ മാഡ്രിഡ് താരമായ ഈഡന്‍ ഹസാദിന്റെ ആദ്യ വോട്ടും മാനെയ്ക്ക് ലഭിച്ചു. 

ഹാരി കെയ്ന്‍, റിയാജ് മഹ്‌രെസ്, ഡാനി ആല്‍വെസ്, ഹ്യൂഗോ ലോറിസ് എന്നിവരുടെ ആദ്യ വോട്ട് മെസിക്കായിരുന്നു. ലൂക്ക മോഡ്രിച്, പിയറെ ഔബമെയങ്, ഗ്രനിത് സക എന്നിവരുടെ ആദ്യ വോട്ട് റൊണാള്‍ഡോയ്ക്ക് ലഭിച്ചു. മാനുവല്‍ നൂയര്‍, ലെവന്‍ഡോസ്‌ക് എന്നിവരുടെ ആദ്യ വോട്ട് വാന്‍ ഡെയ്കിനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com