'രാത്രിക്ക് ശേഷം പ്രഭാതമുണ്ടെന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍ക്കുക'; ഫിഫ പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ പറയുന്നു

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മാത്രമല്ല, ചടങ്ങില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടു നിന്നതും വന്‍ വാര്‍ത്താ പ്രാധാന്യം നേടി
'രാത്രിക്ക് ശേഷം പ്രഭാതമുണ്ടെന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍ക്കുക'; ഫിഫ പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ പറയുന്നു

മിലാന്‍: കഴിഞ്ഞ ദിവസമാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനയുടെ ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയത്. യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജിന്‍ വാന്‍ ഡെയ്കിനേയും പിന്തള്ളിയായിരുന്നു മെസിയുടെ ആറാം നേട്ടം. വാന്‍ ഡെയ്ക് രണ്ടാം സ്ഥാനത്തും റൊണാള്‍ഡോ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. 

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മാത്രമല്ല, ചടങ്ങില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടു നിന്നതും വന്‍ വാര്‍ത്താ പ്രാധാന്യം നേടി. മെസിയെ മികച്ച താരമായി പ്രഖ്യാപിച്ചതിന് പിന്നാലെ റൊണാള്‍ഡോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ട തന്റെ തന്നെ ചിത്രവും അതിനടിയില്‍ എഴുതിയ തത്ത്വചിന്താപരമായ വാക്കുകളും ഇതോടൊപ്പം തന്നെ ശ്രദ്ധയും നേടി. 

പുസ്തകം വായിച്ചിരിക്കുന്ന തന്റെ ചിത്രമാണ് റൊണാള്‍ഡോ പങ്കിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ചിത്രത്തിന് അടിക്കുറിപ്പുമുണ്ടായിരുന്നു. 'ക്ഷമയും സ്ഥിരോത്സാഹവുമാണ് പ്രൊഫഷണല്‍ കളിക്കാരനേയും അമച്വര്‍ കളിക്കാരനേയും തമ്മില്‍ വ്യത്യസ്തനാക്കുന്നത്. ഇന്ന് വലുതായതെല്ലാം ചെറുതില്‍ നിന്ന് തുടങ്ങിയതാണ്. എല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. പക്ഷെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. രാത്രിക്ക് ശേഷം പ്രഭാതമുണ്ടെന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍ക്കുക'- ഇതായിരുന്നു റൊണാള്‍ഡോ കുറിച്ചത്. 

എന്തായാലും താരത്തിന്റെ ചിത്രവും കുറിപ്പുകളും നിമിഷങ്ങള്‍ക്കൊണ്ടു തന്നെ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. പുരസ്‌കാരം നേടിയ മെസിക്ക് ക്രിസ്റ്റ്യാനോ വോട്ട് നല്‍കാഞ്ഞതും മെസി രണ്ടാമത്തെ താരമായി ക്രിസ്റ്റിയാനോയ്ക്ക് വോട്ട് ചെയ്തതും ശ്രദ്ധേയമായിരുന്നു.

അതിനിടെ മികച്ച കളിക്കാരനുളള പുരസ്‌കാരം നഷ്ടമായെങ്കിലും റൊണാള്‍ഡോയെ പിന്തുണച്ച് പോര്‍ച്ചുഗലും രംഗത്തെത്തി. റൊണാള്‍ഡോയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നു കാണിച്ചുകൊണ്ടുള്ള ചിത്രമാണ് പോര്‍ച്ചുഗല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com