ഫുട്‌ബോള്‍ എന്ന്‌ പുനഃരാരംഭിക്കും? ദൈവത്തിന്‌ പോലുമറിയില്ല! ഫുട്‌ബോളല്ല, ജീവനാണ്‌ പ്രധാനമെന്ന്‌ ഫിഫ തലവന്‍

ഈ സമയം ഒത്തൊരുമിച്ച്‌ നിന്ന്‌ ഒരു ടീമായി നമ്മള്‍ പ്രവര്‍ത്തിക്കണം. ഫുട്‌ബോളിന്‌ നല്‍കാന്‍ കഴിയുന്ന സന്ദേശം അതാണ്‌, ടീമായി പ്രവര്‍ത്തിക്കുക...
ഫുട്‌ബോള്‍ എന്ന്‌ പുനഃരാരംഭിക്കും? ദൈവത്തിന്‌ പോലുമറിയില്ല! ഫുട്‌ബോളല്ല, ജീവനാണ്‌ പ്രധാനമെന്ന്‌ ഫിഫ തലവന്‍


ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്ന്‌ പുനഃരാരംഭിക്കാനാവുമെന്ന്‌ ആര്‍ക്കും പറയാനാവില്ലെന്ന്‌ ഫിഫ തലവന്‍ ഗിയാനി ഇന്‍ഫാന്റിനോ. ജീവനേക്കാളും ആരോഗ്യത്തേക്കാളും പ്രധാനപ്പെട്ടതല്ല ഒരു ഫുട്‌ബോള്‍ മത്സരവുമെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കോണ്‍മെബോള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ഫിഫ തലവന്റെ വാക്കുകള്‍.

നിലവിലെ പ്രതിസന്ധിയില്‍ കായിക മേഖലയ്‌ക്കും അതിജീവിക്കാന്‍ സാധിക്കണം. ഈ അസുഖത്തെ തോല്‍പ്പിക്കുന്നത്‌ വരെ ജീവനും ആരോഗ്യത്തിനുമാണ്‌ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്‌. പുതിയൊരു വെല്ലുവിളിയെ നേരിടുകയാണ്‌ ലോകം. ഈ സമയം ഒത്തൊരുമിച്ച്‌ നിന്ന്‌ ഒരു ടീമായി നമ്മള്‍ പ്രവര്‍ത്തിക്കണം. ഫുട്‌ബോളിന്‌ നല്‍കാന്‍ കഴിയുന്ന സന്ദേശം അതാണ്‌, ടീമായി പ്രവര്‍ത്തിക്കുക...

നാളെ ഫുട്‌ബോള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്‌ നാം എല്ലാവരും. എന്നാല്‍ മത്സരങ്ങള്‍ എപ്പോള്‍ തുടങ്ങാനാവുമെന്ന്‌ അറിയില്ല. പഴയത്‌ പോലെ കളിക്കാന്‍ എപ്പോഴാണ്‌ നമുക്ക്‌ സാധിക്കുക എന്ന്‌ ഈ ലോകത്തെ ആര്‍ക്കും പറയാനാവില്ല, ഗിയാനി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും ഭരണകൂടത്തിന്റേയും നിര്‍ദേശങ്ങള്‍ ഫുട്‌ബോള്‍ ലോകം പിന്തുടരുന്നു. മനുഷ്യ ജീവനേക്കാള്‍ വലുതല്ല ഒന്നുമെന്ന്‌ ഫുട്‌ബോള്‍ ലോകം പ്രഖ്യാപിച്ചതോടെ വലിയ മാതൃകയാണ്‌ നമ്മള്‍ കാട്ടിക്കൊടുത്തത്‌.

ഫുട്‌ബോള്‍ ലോകം ഈ പ്രതിസന്ധി അതിജീവിക്കുന്നു എന്ന്‌ ഉറപ്പാക്കുകയാണ്‌ ഈ സമയം വേണ്ടത്‌. അതിന്‌ ശേഷമാണ്‌ വീണ്ടും മുന്നോട്ട്‌ പോകുന്നതിനെ കുറിച്ച്‌ ആലോചിക്കേണ്ടത്‌. ഇത്‌ നമ്മുടെ ഉത്തരവാദിത്വം മാത്രമല്ല, കടമയുമാണ്‌. രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനക്രമീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com