വാതുവെപ്പ്‌ കേസില്‍ ഉമര്‍ അക്‌മല്‍ അപ്പീല്‍ നല്‍കില്ല; താത്‌കാലിക വിലക്കോ, പിഴ ശിക്ഷയോ വാങ്ങി രക്ഷപെടുക ലക്ഷ്യമെന്ന്‌ സൂചന

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വാതുവെപ്പുകാര്‍ തന്നെ സമീപിച്ചത്‌ പിസിബിയെ അറിയിച്ചില്ലെന്നതാണ്‌ ഉമര്‍ അക്‌മലിനെതിരായി ചുമത്തിയ കുറ്റം
വാതുവെപ്പ്‌ കേസില്‍ ഉമര്‍ അക്‌മല്‍ അപ്പീല്‍ നല്‍കില്ല; താത്‌കാലിക വിലക്കോ, പിഴ ശിക്ഷയോ വാങ്ങി രക്ഷപെടുക ലക്ഷ്യമെന്ന്‌ സൂചന


കറാച്ചി: അഴിമതി കേസില്‍ താന്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നടപടിക്കെതിരെ ഉമര്‍ അക്‌മല്‍ അപ്പീല്‍ നല്‍കില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വാതുവെപ്പുകാര്‍ തന്നെ സമീപിച്ചത്‌ പിസിബിയെ അറിയിച്ചില്ലെന്നതാണ്‌ ഉമര്‍ അക്‌മലിനെതിരായി ചുമത്തിയ കുറ്റം.

വിഷയം അച്ചടക്ക സമിതിക്ക്‌ വിട്ടിരിക്കുകയാണ്‌ പിസിബി. അഴിമതി വിരുദ്ധ ട്രൈബ്യൂണലില്‍ കേസ്‌ പരിഗണിക്കണം എന്ന ആവശ്യം അക്‌മല്‍ ഉന്നയിച്ചില്ലെന്ന്‌ പിസിബി വ്യക്തമാക്കി. ചെറിയ ശിക്ഷയോ, പിഴയോ ആയിരിക്കും അച്ചടക്ക സമിതി ഉമര്‍ അക്‌മലിന്‌ വിധിക്കുകയെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കുറ്റം ആരോപിക്കപ്പെട്ടതിന്‌ പിന്നാലെ ഫെബ്രുവരി 20ന്‌ താരത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പിഎസ്‌എല്ലിലും അക്‌മലിനെ കളിക്കാന്‍ അനുവദിച്ചില്ല.

തനിക്ക്‌ നേരെ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ്‌ ഇതെന്നാണ്‌ അക്‌മലിന്റെ നിലപാട്‌. ബിസിനസുമായും, മറ്റ്‌ കാര്യങ്ങളുമായും ബന്ധപ്പെട്ട്‌ നിരവധി പേര്‍ എന്നെ കാണാന്‍ എത്തും. അവരുടെ എല്ലാം പശ്ചാത്തലം താന്‍ എങ്ങനെ മനസിലാക്കാനാണ്‌ എന്ന ചോദ്യമാണ്‌ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ മുന്‍പിലും ഉമര്‍ അക്‌മല്‍ ഉന്നയിച്ചത്‌.

പിഎസ്‌എല്ലിന്‌ മുന്‍പ്‌ വാതുവെപ്പുമായി ബന്ധമുള്ള ഒരു വ്യക്തി ഉമറിനെ കാണാന്‍ എത്തിയെന്നും, അയാളുമായി ഒത്തുകളിക്കാന്‍ ധാരണയായെന്നുമുള്ള ആരോപണങ്ങള്‍ പാക്‌ വിക്കറ്റ്‌ കീപ്പര്‍ തള്ളി. താന്‍ ഒത്തുകളിയിലേര്‍പ്പെട്ടു എന്ന്‌ വ്യക്തമാക്കുന്ന എന്ത്‌ തെളിവാണ്‌ നിങ്ങളുടെ കൈയ്യിലുള്ളതെന്നും ഉമര്‍ അക്‌മല്‍ ചോദിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ്‌ ഈ ശ്രമങ്ങള്‍ എല്ലാമെന്നും താരം പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com