ക്രീസില്‍ നിന്നത്‌ 3 ദിവസം, നേരിട്ടത്‌ 465 ഡെലിവറി; ഇരട്ട ശതകവുമായി ചരിത്രമെഴുതിയ നൈറ്റ്‌ വാച്ച്‌മാന്‍

2006 ഏപ്രില്‍ 19...നൈറ്റ്‌ വാച്ച്‌മാന്‍ ചരിത്രത്തില്‍ തന്റെ പേര്‌ എഴുതി ചേര്‍ത്ത ദിവസം...
ക്രീസില്‍ നിന്നത്‌ 3 ദിവസം, നേരിട്ടത്‌ 465 ഡെലിവറി; ഇരട്ട ശതകവുമായി ചരിത്രമെഴുതിയ നൈറ്റ്‌ വാച്ച്‌മാന്‍


2006 ഏപ്രില്‍ 19...നൈറ്റ്‌ വാച്ച്‌മാന്‍ ചരിത്രത്തില്‍ തന്റെ പേര്‌ എഴുതി ചേര്‍ത്ത ദിവസം. പതിനാല്‌ വര്‍ഷം മുന്‍പ്‌ ഈ ദിവസമാണ്‌ ഓസ്‌ട്രേലിയന്‍ പേസര്‍ ഗില്ലസ്‌പി ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത്‌. ക്രീസില്‍ ഗില്ലസ്‌പി പിടിച്ചു നിന്നത്‌ മൂന്ന്‌ ദിവസം.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചു കഴിഞ്ഞ്‌ പരമ്പര വൈറ്റ്‌ വാഷ്‌ ചെയ്യുകയെന്ന ലക്ഷ്യവുമായിട്ടാണ്‌ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്‌ ഇറങ്ങിയത്‌. മഗ്രാത്ത്‌ ഇല്ലാതെ വന്നിട്ടും ബംഗ്ലാദേശിനെ 197 റണ്‍സിന്‌ ഓസീസ്‌ ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഓസീസിന്റെ ആദ്യ വിക്കറ്റ്‌ വീണത്‌ 67 റണ്‍സിലേക്ക്‌ എത്തിയപ്പോള്‍.

മഴയുടെ സാഹചര്യം വിലയിരുത്തി റിക്കി പോണ്ടിങ്‌ ഗില്ലെസ്‌പിയെ നൈറ്റ്‌ വാച്ച്‌മാനാക്കി ക്രീസിലേക്ക്‌ വിട്ടു. നൈറ്റ്‌ വാച്ച്‌മാന്മാരുടെ കൂട്ടത്തില്‍ റെക്കോര്‍ഡിട്ടാണ്‌ ഗില്ലെസ്‌പി പിന്നെ തിരികെ കയറിയത്‌. മഴയുടെ പല വട്ടം കളി മുടക്കിയ ടെസ്റ്റില്‍ റണ്‍ഔട്ടായി റിക്കി പോണ്ടിങ്‌ തിരികെ കയറുമ്പോള്‍ പോണ്ടിങ്ങിനൊപ്പം നിന്ന്‌ 90 റണ്‍സിന്റെ കൂട്ടുകെട്ട്‌ തീര്‍ത്തിരുന്നു ഗില്ലെസ്‌പി.

മൈക്ക്‌ ഹസി ക്രീസിലേക്ക്‌ എത്തുമ്പോള്‍ 158 പന്തില്‍ നിന്ന്‌ 50 റണ്‍സുമായി ക്രീസിലുണ്ട്‌ ഗില്ലെസ്‌പി. 296 പന്തില്‍ താരം സെഞ്ചുറിയിലേക്കെത്തി. കളിയുടെ നാലാം ദിനം ഹസിയും ഗില്ലെസ്‌പിയും ചേര്‍ന്ന്‌ റണ്‍സ്‌ വാരി. 182 റണ്‍സില്‍ നില്‍ക്കെ ഹസി മടങ്ങുമ്പോഴും ഗില്ലെസ്‌പി ക്രീസിലുണ്ട്‌.

ഈ സമയം ആവശ്യമായ ലീഡ്‌ കയ്യിലുണ്ടായിട്ടും ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ റിക്കി പോണ്ടിങ്‌ തയ്യാറായില്ല. താന്‍ നേരിട്ട 425ാമത്തെ ഡെലിവറി ബൗണ്ടറി കടത്തി ഇരട്ട ശതകം. 14 വര്‍ഷം പിന്നിടുമ്പോഴും ഗില്ലെസ്‌പിയുടെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മറ്റൊരു നൈറ്റ്‌ വാച്ച്‌മാനുമായിട്ടില്ല. കളിയില്‍ ഇന്നിങ്‌സിനും 80 റണ്‍സിനും ജയം പിടിച്ച്‌ ഓസീസ്‌ പരമ്പര തൂത്തുവാരി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com