ഷറ്റോരിയുടെ പെട്ടി മടക്കി ബ്ലാസ്റ്റേഴ്‌സ്‌; മോഹന്‍ ബഗാനെ കിരീടത്തിലേക്കെത്തിച്ച മാന്ത്രികത സ്വപ്‌നം കണ്ട്‌ മഞ്ഞപ്പട, വിക്കിപ്പീഡിയ തിരുത്തി വിക്കൂന

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക്‌ എത്തുമെന്ന്‌ കരുതുന്ന കിബു വിക്കൂനയുടെ വിക്കിപ്പീഡിയ പേജില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ പരിശീലകന്‍ എന്ന്‌ എഴുതി കഴിഞ്ഞു
ഷറ്റോരിയുടെ പെട്ടി മടക്കി ബ്ലാസ്റ്റേഴ്‌സ്‌; മോഹന്‍ ബഗാനെ കിരീടത്തിലേക്കെത്തിച്ച മാന്ത്രികത സ്വപ്‌നം കണ്ട്‌ മഞ്ഞപ്പട, വിക്കിപ്പീഡിയ തിരുത്തി വിക്കൂന


കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത്‌ നിന്നും എല്‍കോ ഷറ്റോരിയെ മാറ്റിയതായി ക്ലബ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പരിശീലകനെ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന്‌ വന്നിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക്‌ എത്തുമെന്ന്‌ കരുതുന്ന കിബു വിക്കൂനയുടെ വിക്കിപ്പീഡിയ പേജില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ പരിശീലകന്‍ എന്ന്‌ എഴുതി കഴിഞ്ഞു.

കിബു വിക്കൂനയെ ബ്ലാസ്റ്റേഴ്‌സ്‌ പരിശീലകനായി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ്‌ സൂചന. ഐലീഗില്‍ മോഹന്‍ ബഗാനെ കിരീടത്തിലേക്ക്‌ നയിച്ചതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നത്‌. മോഹന്‍ ബഗാനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെയാണ്‌ വിക്കൂന ടീമിനെ കിരീടത്തിലേക്ക്‌ എത്തിച്ചത്‌.

രണ്ടാം ഐ ലീഗ്‌ കിരീടത്തിലേക്കുള്ള പോക്കില്‍ വീക്കൂനയുടെ ടീം വഴങ്ങിയത്‌ ഒരു തോല്‍വി മാത്രമാണ്‌. കിരീടത്തിനായുള്ള മോഹന്‍ബഗാന്റെ അഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച വിക്കൂനക്ക്‌ ബ്ലാസ്റ്റേഴ്‌സ്‌ ആരാധകരുടെ കിരീട പ്രതീക്ഷയും സാക്ഷാത്‌കരിക്കാനാവുമെന്നാണ്‌ ക്ലബിന്റെ കണക്കു കൂട്ടല്‍. എടികെ-മോഹന്‍ ബഗാന്‍ ലയനത്തെ തുടര്‍ന്നാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ വിക്കൂനയെ സ്വന്തമാക്കാനുള്ള വഴി തുറന്നു കിട്ടിയത്‌.

തന്റെ മൂന്ന്‌ വര്‍ഷത്തെ മാത്രം പരിശീലക കരിയറിന്‌ ഇടയിലാണ്‌ ഈസ്റ്റ്‌ ബംഗാളിന്റെ മൂക്കിന്‍ തുമ്പില്‍ നിന്നും മോഹന്‍ ബഗാന്‌ കിരീടം നേടിക്കൊടുക്കാന്‍ വിക്കൂനക്കായത്‌. വിക്കൂനക്കൊപ്പം ബഗാനില്‍ സഹ പരിശീലകനായിരുന്ന തോമസ്‌ ഷോര്‍സും ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ എത്തുന്നുണ്ട്‌. ഇരുവരും ഒരുമിച്ചാണ്‌ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്‌.

ഷട്ടോരിയെ പരിശീലക സ്ഥാനത്ത്‌ നിലനിര്‍ത്തണം എന്ന്‌ ബ്ലാസ്റ്റേഴ്‌സ്‌ ആരാധകരുടെ ഭാഗത്ത്‌ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ലബ്‌ അതിന്‌ തയ്യാറായില്ല. പരിശീലക സ്ഥാനത്ത്‌ നിന്ന്‌ തന്നെ മാറ്റിയിട്ടും അത്‌ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ക്ലബിനെ വിമര്‍ശിച്ച്‌ ഷട്ടോരി എത്തുകയും ചെയ്‌തിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com