'ഉമിനീര്‌ പുരട്ടുന്നത്‌ വിലക്കിയാല്‍ പിന്നെ റിവേഴ്‌സ്‌ സ്വിങ്‌ ഇല്ല, വാസിലിന്‍ കൊണ്ട്‌ കാര്യമില്ല'

ഉമിനീരിനും വിയര്‍പ്പിനും പകരം മറ്റൊന്നും ഉപയോഗിച്ചിട്ട്‌ കാര്യമില്ലെന്നും ഇവര്‍ പറയുന്നു
'ഉമിനീര്‌ പുരട്ടുന്നത്‌ വിലക്കിയാല്‍ പിന്നെ റിവേഴ്‌സ്‌ സ്വിങ്‌ ഇല്ല, വാസിലിന്‍ കൊണ്ട്‌ കാര്യമില്ല'


ന്യൂഡല്‍ഹി: പന്ത്‌ ചുരണ്ടല്‍ നിയമവിധേയമാക്കരുത്‌ എന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ്ങും ആശിഷ്‌ നെഹ്‌റയും. പന്തില്‍ ഉമിനീര്‌ പുരട്ടേണ്ടത്‌ മാറ്റാനാവില്ലെന്ന്‌ ഇരുവരും പറയുന്നു. കോവിഡ്‌ 19നെ തുടര്‍ന്ന്‌ പന്തില്‍ ഉമിനീര്‌ പുരട്ടുന്നത്‌ വിലക്കി പകരം കൃത്രിമ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പന്ത്‌ ചുരണ്ടുന്നത്‌ നിയമ വിധേയമാക്കുന്നതാണ്‌ ഐസിസി ഇപ്പോള്‍ പരിഗണിക്കുന്നത്‌.

ഉമിനീരിനും വിയര്‍പ്പിനും പകരം മറ്റൊന്നും ഉപയോഗിച്ചിട്ട്‌ കാര്യമില്ലെന്നും ഇവര്‍ പറയുന്നു. ഉമിനീരും വിയര്‍പ്പും പുരട്ടി പന്തിന്റെ തിളക്കം കൂട്ടാതെ പന്ത്‌ സ്വിങ്‌ ചെയ്യിക്കാനാവില്ല. പന്ത്‌ സ്വിങ്‌ ചെയ്യുന്നതിന്‌ അടിസ്ഥാനമായി വേണ്ടത്‌ അതാണ്‌, നെഹ്‌റ പറഞ്ഞു. ഉമിനീരിനേക്കാള്‍ ഭാരമുള്ളതാണ്‌ വിയര്‍പ്പ്‌. ഇവ രണ്ടും പന്തിന്റെ ഒരു ഭാഗത്തിന്റെ ഭാരം കൂട്ടി റിവേഴ്‌സ്‌ സ്വിങ്‌ ലഭിക്കുന്നതിന്‌ സഹായിക്കും.

വാസിലിന്‍ ഭാരമില്ലാത്തതാണ്‌. അത്‌ സ്വിങ്‌ തരില്ല. പന്തിന്റെ തിളക്കം കൂട്ടാന്‍ വാസിലിന്‍ സഹായിച്ചേക്കും. പക്ഷേ പന്തിന്റെ ഭാരം കൂട്ടില്ല. 1976ലെ ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലീഷ്‌ താരം പന്തില്‍ വാസിലിന്‍ പ്രയോഗിച്ചതും നെഹ്‌റ ചൂണ്ടിക്കാണിച്ചു. ആദ്യം വിയര്‍പ്പും ഉമിനീരും പുരട്ടിയതിന്‌ ശേഷമായിരിക്കും ലെവര്‍ വാസിലിന്‍ പ്രയോഗിച്ചിട്ടുണ്ടാവുക. വാസിലിന്‍ പ്രയോഗിച്ചാല്‍ പന്ത്‌ നേരെ മാത്രമേ പോവുകയുള്ളു, നെഹ്‌റ പറഞ്ഞു.

ബോട്ടില്‍ ക്യാപ്‌ ഉപയോഗിച്ച്‌ പന്ത്‌ ചുരണ്ടാന്‍ അനുവദിച്ചു എന്ന്‌ വെക്കുക. അഞ്ചാം ഓവര്‍ മുതല്‍ റിവേഴ്‌സ്‌ സ്വിങ്‌ ലഭിക്കുന്നു. ഇത്‌ നീതിയാണോ എന്ന്‌ ഹര്‍ഭജന്‍ ചോദിച്ചു. അതല്ലെങ്കില്‍ അമ്പയര്‍ വന്ന്‌ നമ്മളോട്‌ പറയുമോ നിങ്ങള്‍ക്ക്‌ പന്ത്‌ ചുരണ്ടാന്‍ സമയമായെന്ന്‌. ഉമിനീര്‌ ഉപയോഗിക്കാതിരിക്കുക എന്നത്‌ കളിയില്‍ നിന്ന്‌ സ്വിങ്‌ എടുത്ത്‌ കളയുന്നത്‌ പോലെയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com