വിവാഹ നിശ്ചയം വീട്ടുകാര്‍ക്കും സര്‍പ്രൈസ്; അറിഞ്ഞിരുന്നില്ലെന്ന് ഹര്‍ദിക്കിന്റെ പിതാവ് 

'ദുബായില്‍ അവധി ആഘോഷിക്കാന്‍ പോവുകയാണ് അവരെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം നടക്കുമെന്ന് ഒരു സൂചനയും അവര്‍ നല്‍കിയില്ല'
വിവാഹ നിശ്ചയം വീട്ടുകാര്‍ക്കും സര്‍പ്രൈസ്; അറിഞ്ഞിരുന്നില്ലെന്ന് ഹര്‍ദിക്കിന്റെ പിതാവ് 

മുംബൈ: എന്തൊരു സര്‍പ്രൈസ് ആണിത് എന്നാണ് ഹര്‍ദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുള്‍പ്പെടെ പ്രതികരിച്ചത്. കോഹ് ലി മാത്രമല്ല, തങ്ങളും ഇതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഹര്‍ദിക്കിന്റെ പിതാവ് പറയുന്നത്. 

നതാഷ നല്ല പെണ്‍കുട്ടിയാണ്. മുംബൈയില്‍ വെച്ച് നിരവധി തവണ നതാഷയെ കണ്ടിട്ടുണ്ട്. ദുബായില്‍ അവധി ആഘോഷിക്കാന്‍ പോവുകയാണ് അവരെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം നടക്കുമെന്ന് ഒരു സൂചനയും അവര്‍ നല്‍കിയില്ല. ഞങ്ങള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ് മാത്രമാണ് ഞങ്ങള്‍ അതിനെ കുറിച്ച് അറിയുന്നത്, ഹര്‍ദിക്കിന്റെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ പറഞ്ഞു. 

വിവാഹ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷമോ ആയിരിക്കും ഹര്‍ദിക്-നതാഷ വിവാഹം എന്ന് ഹര്‍ദിക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുതുവത്സര തലേന്ന് നതാഷയ്‌ക്കൊപ്പമുള്ള ഫോട്ടോ ഹര്‍ദിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 

പുതുവര്‍ഷം ഇവള്‍ക്കൊപ്പം എന്ന് പറഞ്ഞ് ഹര്‍ദിക് പ്രണയം സ്ഥിരികരിച്ചതിന് പിന്നാലെ ജനുവരി ഒന്നിന് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകരിലേക്ക് എത്തുകയായിരുന്നു. അലങ്കരിച്ച ബോട്ടില്‍ വെച്ച് സംഗീതത്തിന്റേയും മറ്റും അകമ്പടിയോടെയായിരുന്നു നതാഷയെ ഹര്‍ദിക് മോതിരം അണിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com