നാളെ കേരളം അത്ഭുതം കാട്ടും? ജയിക്കാനും സമനിലയാക്കാനും ഒരേ ഒരു ദിനം, ബൗളിങ് കരുത്ത് പ്രതീക്ഷ

ന്യൂബോളില്‍ സന്ദീപ് വാര്യരും, ബേസില്‍ തമ്പിയും സക്‌സേനയും തങ്ങളുടെ മികവ് പുറത്തെടുത്താല്‍ കേരളത്തിന് ജയം തൊടാനാവും
നാളെ കേരളം അത്ഭുതം കാട്ടും? ജയിക്കാനും സമനിലയാക്കാനും ഒരേ ഒരു ദിനം, ബൗളിങ് കരുത്ത് പ്രതീക്ഷ

ഹൈദരാബാദ്: നാളെ ഒരൊറ്റ ദിനം. കളി സമനിലയിലാക്കാനും, ജയം പിടിക്കാനും കേരളത്തിന് അത്ഭുതം കാട്ടണം. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ്. 140 റണ്‍സിന്റെ മാത്രം രണ്ടാം ഇന്നിങ്‌സ് ലീഡാണ് കേരളത്തിന് ഇപ്പോഴുള്ളത്. 

അവസാന ദിനം മൂന്ന് വിക്കറ്റ് കയ്യില്‍ വെച്ച് പൊരുതി നില്‍ക്കുക, 200ന് അടുത്തേക്ക് എങ്കിലും ലീഡ് ഉയര്‍ത്തി ഹൈദരാബാദിനെ തകര്‍ത്തിട്ട് ജയം പിടിക്കുക എന്നീ സാധ്യതകളാണ് കേരളത്തിന് മുന്‍പില്‍ നാലാം ദിനമുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ 228 റണ്‍സിനാണ് ഹൈദരാബാദിനെ കേരളം പുറത്താക്കിയത്. 

ന്യൂബോളില്‍ സന്ദീപ് വാര്യരും, ബേസില്‍ തമ്പിയും സക്‌സേനയും തങ്ങളുടെ മികവ് പുറത്തെടുത്താല്‍ കേരളത്തിന് ജയം തൊടാനാവും. നാലാം ദിനം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ചു നില്‍ക്കുക എന്നത് ഹൈദരാബാദിന് വെല്ലുവിളിയാണ്. 

രണ്ടാം ഇന്നിങ്‌സില്‍ റോഷന്‍ പ്രേം, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍ എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. റോഷന്‍ പ്രേമും സ്‌കസേനയും ചേര്‍ന്ന് 45 റണ്‍സിന്റേയും, വിഷ്ണു വിനോദും സല്‍മാന്‍ നിസാറുമായി ചേര്‍ന്ന് 53 റണ്‍സിന്റേയും കൂട്ടുകെട്ടുയര്‍ത്തി. റോഷന്‍ പ്രേം 44 റണ്‍സും, വിഷ്ണു വിനോദ് 44 റണ്‍സും, സല്‍മാന്‍ നിസാര്‍ 30 റണ്‍സുമെടുത്ത് പുറത്തായി. 23 റണ്‍സുമായി ഓള്‍ റൗണ്ടര്‍ അക്ഷയ് ചന്ദ്രനും, അക്കൗണ്ട് തുറക്കാതെ ബേസില്‍ തമ്പിയുമാണ് ഇപ്പോള്‍ ക്രീസില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com