'ഇങ്ങനെകളിച്ചാല്‍ 50 ബോളില്‍ സെഞ്ച്വറിയടിക്കും'; ലോകകപ്പിന് രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് രാഹുല്‍ തന്നെയെന്ന് ഗംഭീര്‍ 

അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍
'ഇങ്ങനെകളിച്ചാല്‍ 50 ബോളില്‍ സെഞ്ച്വറിയടിക്കും'; ലോകകപ്പിന് രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് രാഹുല്‍ തന്നെയെന്ന് ഗംഭീര്‍ 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റ് ജയത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ കെ എല്‍ രാഹുല്‍ അടിച്ചുകൂട്ടിയ 45റണ്‍സാണ്. ഇപ്പോഴിതാ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍. അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍. 

ഓരോ തവണയും രാഹുലുന്റെ ഗംഭീര പ്രകടനം കാണുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലും ഇതുപോലെ കളിക്കാത്തത് എന്നോര്‍ത്ത് അത്ഭുതം തോന്നും. ഇപ്പോഴത്തെ ശൈലിയില്‍ ബാറ്റ് ചെയ്താല്‍ ടെസ്റ്റില്‍ 50 പന്തില്‍ സെഞ്ച്വറിയടിക്കാനുള്ള കഴിവ് രാഹുലിനുണ്ട്. അത്ര മനോഹരമായ ഷോട്ടുകളാണ് രാഹുലിന്റേത്, ഗംഭീര്‍ പറഞ്ഞു. 

ഇന്നലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ 32 ബോളില്‍ നിന്ന് 45 റണ്ണുകള്‍ നേടിയ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പരിക്കിനുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാന് 32 ബോളില്‍ നിന്ന് 30 മാത്രമാണ് നേടാനായത്. ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി എത്താനുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണ് രാഹുലും ധവാനും. എന്നാല്‍ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങേണ്ടത് രാഹുല്‍ ആണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെടുന്നത്. 

ഐപിഎല്ലിനെ അന്താരാഷ്ട്ര ക്രിക്കറ്റുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിക്കുമ്പോള്‍ അവസരത്തിനായി ആരും ടീമില്‍ കാത്തുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ട്. പക്ഷെ രാജ്യത്തിനു വേണ്ടി ഇറങ്ങുമ്പോള്‍ അങ്ങനെയല്ല. നിങ്ങള്‍ക്കു പകരം കളിക്കാന്‍ ശേഷിയുള്ള താരം പുറത്തുണ്ടെന്ന് നല്ല ബോധ്യമുണ്ടാവും. ഇതു തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആരാണ് മികച്ച ഫോമിലെന്ന് തെളിയിച്ചെന്നും ഗംഭീര്‍ പറഞ്ഞു. 

അതേസമയം ഇനിയുള്ള മല്‍സരങ്ങളില്‍ ധവാന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന വിശ്വാസവും ഗംഭീര്‍ പ്രകടിപ്പിച്ചു. തന്റെ യഥാര്‍ഥ ഫോമിലായിരുന്നില്ല ധവാന്‍. എങ്കിലും മോശമല്ലാത്ത റണ്‍സ് നേടാന്‍ കഴിഞ്ഞു. അടുത്ത മല്‍സരത്തില്‍ ഇതു തീര്‍ച്ചയായും അദ്ദേഹത്തെ സഹായിക്കും. ധവാന്‍ നേരത്തേ പുറത്തായിരുന്നെങ്കില്‍ രണ്ടാം ടി20യില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമായിരുന്നു, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com