2-1ന് മുന്നിട്ട് നിന്നു, വീണത് 2-3ന്; വാറെടുത്തത് ബാഴ്‌സയുടെ രണ്ട് ഗോളുകള്‍; അത്‌ലറ്റിക്കോയുടെ തിരിച്ചടിയില്‍ ഉലഞ്ഞ് കാറ്റാലന്‍സ്‌

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ക്ലാസിക്കോയുടെ ആവേശം നിറയുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കൊപ്പം നില്‍ക്കാന്‍ ബാഴ്‌സയ്ക്കായില്ല
2-1ന് മുന്നിട്ട് നിന്നു, വീണത് 2-3ന്; വാറെടുത്തത് ബാഴ്‌സയുടെ രണ്ട് ഗോളുകള്‍; അത്‌ലറ്റിക്കോയുടെ തിരിച്ചടിയില്‍ ഉലഞ്ഞ് കാറ്റാലന്‍സ്‌

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലില്‍. റയല്‍ മാഡ്രിഡാണ് ഫൈനലിലെ എതിരാളികള്‍. സെമിയില്‍ ബാഴ്‌സയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ത്തുവിട്ടത്. 

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ക്ലാസിക്കോയുടെ ആവേശം നിറയുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കൊപ്പം നില്‍ക്കാന്‍ ബാഴ്‌സയ്ക്കായില്ല. 86ാം മിനിറ്റില്‍ എയ്ഞ്ചല്‍ കോറിയയില്‍ നിന്ന് വന്ന ഗോളാണ് ബാഴ്‌സയുടെ ഫൈനല്‍ പ്രതീക്ഷകള്‍ തല്ലി ഉടച്ചത്. 

46ാം മിനിറ്റില്‍ കോക്കെയാണ് സ്‌കോറിങ് തുടങ്ങിയത്. 51ാം മിനിറ്റില്‍ മെസിയില്‍ നിന്ന് അത്‌ലറ്റിക്കോയ്ക്ക് മറുപടി എത്തി. തൊട്ടുപിന്നാലെ വീണ്ടും മെസി വല കുലുക്കിയെങ്കിലും വാര്‍ വില്ലനായി. 61ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തുക കൂടി ചെയ്തതോടെ എല്ലാം ശുഭം എന്ന പ്രതീക്ഷ ബാഴ്‌സ ആരാധകരിലേക്കെത്തി. പിന്നാലെ പിക്വെ ഗോള്‍ വല കുലുക്കിയപ്പോഴും വാര്‍ തിരിച്ചടിച്ചു. 
 
81ാം മിനിറ്റില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ലഭിച്ച പെനാല്‍റ്റി കളിയുടെ ഗതി തിരിച്ചു. പെനാല്‍റ്റി എടുത്ത അല്‍വാരോയ്ക്ക് പിഴച്ചില്ല. വിറ്റോളോയെ ഗോള്‍ കീപ്പര്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. അഞ്ച് മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും കോറിയയിലൂടെ വീണ്ടും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗോള്‍. സമനിലയിലേക്ക് കളി എത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കുമായില്ല. 2-1ന് പിന്നിട്ട് നിന്നിടത്ത് നിന്നുമാണ് ബാഴ്‌സയുടെ തോല്‍വി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com