അന്ന് തുര്‍ക്കി ഫുട്‌ബോളിന്റെ മുഖം, ഇതിഹാസ താരം; ഇന്ന് ടാക്‌സി ഡ്രൈവര്‍, പുസ്തക വില്‍പ്പനക്കാരന്‍

ജീവിക്കാന്‍ വേണ്ടി യൂബര്‍ ടാക്‌സി ഡ്രൈവറായും പുസ്തക വില്‍പ്പനക്കാരനുമായി ജോലി ചെയ്യുകയാണ്
അന്ന് തുര്‍ക്കി ഫുട്‌ബോളിന്റെ മുഖം, ഇതിഹാസ താരം; ഇന്ന് ടാക്‌സി ഡ്രൈവര്‍, പുസ്തക വില്‍പ്പനക്കാരന്‍

ന്യൂയോര്‍ക്ക്: ഓര്‍മ്മയില്ലേ ഹകന്‍ സുകെറിനെ. 90കളുടെ തുടക്കം മുതല്‍ 2000ത്തിന്റെ തുടക്ക വര്‍ഷങ്ങള്‍ വരെ തുര്‍ക്കി ഫുട്‌ബോളിന്റെ മുഖമായിരുന്ന ഇതിഹാസ താരത്തെ. ഇന്റര്‍ മിലാന്‍, ഗലാത്‌സരെ, ബ്ലാക്ക്‌ബോണ്‍ റോവേഴ്‌സ് അടക്കമുള്ള ടീമുകള്‍ക്കായി കളിച്ച സുകെര്‍ 2008ലാണ് സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത്.

പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ സുകെറിന് 2015ല്‍ രാജ്യം വിടേണ്ട അവസ്ഥ വന്നു. ഒരു കാലത്ത് ഫുട്‌ബോള്‍ മൈതാനങ്ങളെ ആവേശം കൊള്ളിച്ച സ്‌ട്രൈക്കറായ സുകെര്‍ ഇന്ന് ജീവിക്കാന്‍ വേണ്ടി യൂബര്‍ ടാക്‌സി ഡ്രൈവറായും പുസ്തക വില്‍പ്പനക്കാരനുമായി ജോലി ചെയ്യുകയാണ്. 

വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സുകെര്‍ 2011ല്‍ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2015ല്‍ അട്ടിമറി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സുകെറിന് നേരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രസിഡന്റ് എർദോ​ഗനുമായുള്ള പടലപ്പിണക്കങ്ങള്‍ രാജ്യത്തില്‍ നിന്ന് പുറത്താക്കുന്ന അവസ്ഥയിലെത്തിച്ചു കാര്യങ്ങള്‍. 

'ജീവിക്കാനും ജോലി ചെയ്യാനുമുള്ള എന്റെ അവകാശം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാം എർദോ​ഗൻ എടുത്തു. എന്റെ കൈയില്‍ ഒന്നുമില്ല. ഞാന്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. അട്ടിമറിയിലെ എന്റെ പങ്കിനെപ്പറ്റി വിശദീകരിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഞാന്‍ സര്‍ക്കാരിന് ശത്രുവായിരിക്കാം. പക്ഷേ തുര്‍ക്കിക്ക് അതല്ല. ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു'- സുകെര്‍ പറഞ്ഞു. 

'എർദോ​ഗനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിന് ശേഷം എനിക്ക് നേരെ നിരന്തരം ഭീഷണികളായിരുന്നു. എന്റെ ഭാര്യയുടെ കട ആക്രമിച്ചു. മക്കളെ ഉപദ്രവിച്ചു. പിതാവിനെ ജയിലിലടച്ചു. എന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഗത്യന്തരമില്ലാതെയാണ് രാജ്യം വിട്ടത്. ഇപ്പോള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്'. 

'ഒരു കഫേയിലെ ജോലിയാണ് ഇവിടെ ആദ്യം ലഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ഒരു പരിചയം പോലുമില്ലാത്ത പലരും വന്ന് പ്രശ്‌നങ്ങളുണ്ടാക്കി. അതോടെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ യൂബര്‍ ടാക്‌സി ഡ്രൈവറും ഒപ്പം പുസ്തകങ്ങള്‍ വിറ്റുമാണ് ജീവിക്കുന്നത്'- സുകെര്‍ വ്യക്തമാക്കി.    

1992 മുതല്‍ തുര്‍ക്കിക്കായി കളിച്ച സുകെര്‍ രാജ്യത്തിനായി 112 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 51 ഗോളുകളും താരം സ്വന്തമാക്കി. 2007ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 2008ല്‍ സജീവ ഫുട്‌ബോളിനോടും വിട ചൊല്ലി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com