മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം, സ്റ്റീവ് സ്മിത്തിന് സെഞ്ചുറി

ഏകദിനത്തിലെ സെഞ്ചുറിക്കായി മൂന്ന് വര്‍ഷമായുള്ള കാത്തിരിപ്പ്. രാജ്‌കോട്ടില്‍ ആ കാത്തിരിപ്പ് തീര്‍ന്നെന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സ് അകലെ വീണു
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം, സ്റ്റീവ് സ്മിത്തിന് സെഞ്ചുറി

ബംഗളൂരു: ഏകദിനത്തിലെ സെഞ്ചുറിക്കായി മൂന്ന് വര്‍ഷമായുള്ള കാത്തിരിപ്പ്.  രാജ്‌കോട്ടില്‍ ആ കാത്തിരിപ്പ് തീര്‍ന്നെന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സ് അകലെ വീണു. പക്ഷേ ആ കാത്തിരിപ്പ് ഇനിയും നീട്ടാന്‍ സ്മിത്ത് തയ്യാറായിരുന്നില്ല. രാജ്‌കോട്ടില്‍ കയ്യകലത്തില്‍ നിന്ന് നഷ്ടമായ സെഞ്ചുറി ബംഗളൂരുവില്‍ കണ്ടെത്തി സൂപ്പര്‍ താരം. 

117 പന്തില്‍ നിന്നാണ് സ്മിത്ത് തന്റെ ഏകദിന കരിയറിലെ 9ാം സെഞ്ചുറി സ്വന്തമാക്കിയത്. 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്തിന്റെ സെഞ്ചുറി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന് കളി സന്ദര്‍ഷകരുടെ കൈകളില്‍ നിന്ന് നഷ്ടമാവുന്നില്ലെന്ന് സ്മിത്ത് ഉറപ്പിച്ചു. 


രാജ്‌കോട്ടില്‍ ചെയ്‌സ് ചെയ്യവെ സമ്മര്‍ദത്തിനുള്ളില്‍ നിന്ന് സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴാണ് സ്മിത്തിനെ കുല്‍ദീപ് യാദവ് മടക്കിയത്. അത്തരത്തിലൊന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആവര്‍ത്തിക്കുന്നില്ലെന്ന് സ്മിത്ത് ഉറപ്പാക്കി. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായതിന് പിന്നാലെ ലാബുഷെയ്ന്‍-സ്മിത്ത് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ പിടിച്ചു കയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഏകദിനത്തിലെ തന്റെ ആദ്യ അര്‍ധശതകം പിന്നിട്ടു നിന്ന ലാബുഷെയ്‌നിനെ മടക്കി കൂട്ടുകെട്ട് പൊളിച്ച ജഡേജ, അതേ ഓവറില്‍ തന്നെ ബാറ്റിങ്ങ് പൊസിഷനില്‍ മുകളിലേക്ക് കയറി ഇറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കിനേയും മടക്കി. 

സ്മിത്തിനൊപ്പം നിന്ന് അലക്‌സ് കെയ്‌റേ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയെങ്കിലും കുല്‍ദീപിന്റെ ആദ്യ ഇരയായി കെയ്‌റേ വീണതോടെ സന്ദര്‍ശകര്‍ വീണ്ടും സമ്മര്‍ദത്തിലായി. 43ാം ഓവറില്‍ ക്രീസിലേക്കെത്തിയ ടേര്‍ണറെ യോര്‍ക്കറുകളിലൂടെ വിറപ്പിച്ച് ബൂമ്ര റണ്‍സ് കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com