പവര്‍ഹൗസ് ആണ് അവര്‍, ഇന്ത്യന്‍ ടീമിനെ നേരെ ചൂണ്ടി ക്രെയ്ഗ് മക്മില്ലന്‍ 

ടെസ്റ്റാണോ, ഏകദിനമാണോ, ട്വന്റി20യാണോ എന്നത് വിഷയമല്ല, ഇന്ത്യ എല്ലായിടത്തും ശക്തരാണ്
പവര്‍ഹൗസ് ആണ് അവര്‍, ഇന്ത്യന്‍ ടീമിനെ നേരെ ചൂണ്ടി ക്രെയ്ഗ് മക്മില്ലന്‍ 

ഒക്ലാന്‍ഡ്: ഇന്ത്യക്കെതിരെ മൂന്നില്‍ രണ്ട് ഫോര്‍മാറ്റിലെങ്കിലും ജയം പിടിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡ് ടീമിന് പാസ് മാര്‍ക്ക് എങ്കിലും ലഭിക്കുകയുള്ളെന്ന് കീവീസ് മുന്‍ ഓള്‍റൗണ്ടര്‍ ക്രെയ്ഗ് മക്മില്ലന്‍. അത്രയും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ത്യക്കെതിരായ പരമ്പരയെന്ന് അദ്ദേഹം പറഞ്ഞു. 

ടെസ്റ്റാണോ, ഏകദിനമാണോ, ട്വന്റി20യാണോ എന്നത് വിഷയമല്ല, ഇന്ത്യ എല്ലായിടത്തും ശക്തരാണ്. ഇത് ശരിക്കും സങ്കീര്‍ണമായ പരമ്പര തന്നെയാണ്. ട്വന്റി20 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഫോര്‍മാറ്റ് അല്ല. അഞ്ച് ട്വന്റി20യാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പ് വര്‍ഷമാണ് ഇതെന്നത് കൊണ്ട് ആ അഞ്ച് കളിയും പ്രധാനപ്പെട്ടതാണെന്ന് മക്മില്ലന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഓസ്‌ട്രേലിയയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരെ ജയിച്ച് തന്നെ നമുക്ക് തുടങ്ങേണ്ടതുണ്ട്. ആരാധകരുടെ വിശ്വാസം വീണ്ടെടുത്തണം. നമ്മുടെ മികച്ച ട്വന്റി20 ടീം ഏതെന്ന് കണ്ടെത്താനാണ് അവരുടെ ശ്രമം. സൂപ്പര്‍ സ്മാഷ് നമ്മള്‍ കണ്ടു. അവിടെ മികവ് കാണിച്ചവര്‍ക്ക് ഇന്ത്യക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുന്നുവെന്നും മക്മില്ലന്‍ പറഞ്ഞു. 

അഞ്ച് ട്വന്റി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിങ്ങനെയാണ് ഇന്ത്യയുടെ കീവീസ് പര്യടനത്തിലുള്ളത്. ഓസ്‌ട്രേലിയയോട് ടെസ്റ്റില്‍ 3-0ന് തോറ്റതിന്റെ ആഘാതത്തില്‍ നിന്നാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ കീവീസ് സംഘം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com