ധനരാജന് വേണ്ടി കളത്തിലിറങ്ങാന്‍ ഗോകുലം കേരള; ടിക്കറ്റ് വാങ്ങിക്കൂട്ടി സുനില്‍ ഛേത്രിയും ഐ എം വിജയനും 

ഐ ലീഗിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ മത്സരത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ധനരാജന്റെ കുടുംബത്തിന് നല്‍കും
ധനരാജന് വേണ്ടി കളത്തിലിറങ്ങാന്‍ ഗോകുലം കേരള; ടിക്കറ്റ് വാങ്ങിക്കൂട്ടി സുനില്‍ ഛേത്രിയും ഐ എം വിജയനും 

 
കോഴിക്കോട്: കാല്‍പന്തിനെ നെഞ്ചോട് ചേര്‍ക്കുന്നവരെ കണ്ണീരണിയിച്ചാണ് കളിക്കളം വിട്ട് ധനരാജന്‍ പറന്നകന്നത്. പൊടുന്നനെയുള്ള പോക്കില്‍ തീര്‍ത്ത ആഘാതത്തില്‍ നിന്നും മോചിതരായി വരുന്നതേയുള്ളു ധനരാജനെ ചുറ്റിയുള്ള കാല്‍പന്തിന്റെ ലോകം. അതിനിടയില്‍ താരത്തിന്റെ കുടുംബത്തെ സഹായിക്കാനായി മുന്‍പോട്ടു വരികയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ട് അതികായകര്‍. 

ഐ ലീഗിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ മത്സരത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ധനരാജന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം കേരള പ്രഖ്യാപിച്ചിരുന്നു. ഗോകുലം കേരളയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും രണ്ട് സ്‌ട്രൈക്കര്‍മാര്‍ ഈ മത്സരത്തിലേക്കുള്ള ടിക്കറ്റുകള്‍ കൂട്ടത്തോടെ വാങ്ങി. 

ഐ എം വിജയനും, സുനില്‍ ഛേത്രിയുമാണ് ധനരാജന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. 250 ടിക്കറ്റുകള്‍ ഐ എം വിജയന്‍ വാങ്ങിയപ്പോള്‍ 220 ടിക്കറ്റുകള്‍ സുനില്‍ ഛേത്രി വാങ്ങി. ഫുട്‌ബോള്‍ അക്കാദമികള്‍ക്കും, എന്‍ജിഒകള്‍ക്കും ഈ ടിക്കറ്റുകള്‍ നല്‍കാനാണ് സുനില്‍ ഛേത്രിയും വിജയനും നിര്‍ദേശിച്ചത്. 

ഒരുപാട് സെവന്‍സ് മത്സരങ്ങള്‍ ധനരാജിനൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ധനരാജന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഉടനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാന്‍ എത്തി. ധനരാജന്റെ കുടുംബത്തിന് സഹായഹസ്തവുമായി ഇങ്ങനെയൊരു കാര്യം നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നാല്‍ കഴിയുന്നത് ചെയ്യണം എന്ന് തോന്നി. കേരളത്തില്‍ നിന്നൊരു ഐലീഗ് ക്ലബ് ഇങ്ങനെ മുന്‍കൈയെടുത്ത് മുന്‍പോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും ഐ എം വിജയന്‍ പറഞ്ഞു. 

ഞായറാഴ്ചയാണ് മത്സരം. മൂവായിരത്തിലധികം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി. 40,000 പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ളതാണ് സ്റ്റേഡിയം. സ്റ്റേഡിയം നിറക്കാന്‍ ഗോകുലത്തിന് കഴിഞ്ഞാല്‍ 15 ലക്ഷം രൂപ ടിക്കറ്റ് വഴി ലഭിക്കും. 

ഞായറാഴ്ചത്തെ മത്സരത്തിനുള്ള എല്ലാ കോംപ്ലിമെന്ററി ടിക്കറ്റുകളും ഗോകുലം കേരള പിന്‍വലിച്ചു. 60 മുതല്‍ 200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പെരിന്തല്‍മണ്ണയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ പെരിന്തല്‍മണ്ണ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിന് ഇടയിലാണ് ധനരാജ് കുഴഞ്ഞു വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com