ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍; മഴയ്ക്ക് സാധ്യത

ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല
ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍; മഴയ്ക്ക് സാധ്യത

ഹാമില്‍ട്ടണ്‍: ചരിത്ര വിജയത്തിലേക്ക് കുതിക്കാന്‍ കോഹ് ലിയും സംഘവും ഇന്നിറങ്ങും. ഹാമില്‍ട്ടണ്‍ വേദിയാവുന്ന മൂന്നാം ട്വന്റി20യും അനുകൂലമാക്കിയാല്‍ ന്യൂസിലാന്‍ഡ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയത്തിലേക്ക് ഇന്ത്യ എത്തും. ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല. 

ഇതിന് മുന്‍പ് രണ്ട് ട്വന്റി20 പരമ്പരകളാണ് ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യ കളിച്ചത്. ധോനിയുടെ നേതൃത്വത്തില്‍ 2008-09ല്‍ എത്തിയപ്പോള്‍ 0-2നും, കഴിഞ്ഞ വര്‍ഷം രോഹിത്തിന് കീഴില്‍ എത്തിയപ്പോള്‍ 1-2നും ഇന്ത്യ തോറ്റു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം കളിച്ച അഞ്ച് ട്വന്റി20 പരമ്പരകളില്‍ അഞ്ചിലും തോല്‍വി അറിയാതെയാണ് കോഹ് ലിയുടെ സംഘത്തിന്റെ നില്‍പ്പ്. 

ഹാമില്‍ട്ടണില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ കളി മുടക്കുന്ന വിധം മഴയുണ്ടാവില്ല. ബിഗ് ഹിറ്റുകള്‍ക്ക് വഴിവെക്കുന്ന ഫ്‌ലാറ്റ് പിച്ചാണ് ഹാമില്‍ട്ടണിലേത്. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ശര്‍ദുല്‍ താക്കൂറിനെ മാറ്റി നവ്ദീപ് സെയ്‌നിക്ക് അവസരം നല്‍കിയേക്കും. ചഹലിന് പകരം കുല്‍ദീപിനെ ഇറക്കാനുള്ള സാധ്യത കുറവാണ്. 

വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ഇന്നും പുറത്തിരിക്കേണ്ടി വരും. എന്നാല്‍ മത്സരത്തലേന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ഇരുവരിലും വലിയ ശ്രദ്ധയാണ് ടീം മാനേജ്‌മെന്റ് നല്‍കിയത്. രവി ശാസ്ത്രി വാഷിങ്ടണ്‍ സുന്ദറിനെ സൂക്ഷമമായി നിരിക്ഷിച്ചപ്പോള്‍, റിഷഭ് പന്തിനൊപ്പമായിരുന്നു ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. 

ഹാമില്‍ട്ടണില്‍ ന്യൂസിലാന്‍ഡിനെ തുണക്കുന്ന കണക്കുകളാണുള്ളത്. ഇവിടെ കിവീസ് കളിച്ച 9 കളികളില്‍ ഏഴിലും ന്യൂസിലാന്‍ഡ് ജയം തൊട്ടിട്ടുണ്ട്. ഹാമില്‍ട്ടണില്‍ ഇറങ്ങുമ്പോള്‍ ബൂമ്രയുടെ ബൗളിങ് തന്നെയാണ് ന്യൂസിലാന്‍ഡിന്റെ പ്രധാന ആശങ്ക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com